ജയലളിത ഒരിക്കലും ഗര്‍ഭിണിയായിട്ടില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയില്‍

single-img
25 July 2018

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ഒരിക്കലും ഗര്‍ഭിണിയായിട്ടില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. മകളാണെന്ന് അവകാശപ്പെടുന്ന യുവതി സ്വത്ത് തട്ടാനാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് തമിഴ്‌നാടിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ വിജയ് നാരായണന്‍ ഹൈക്കോടതിയില്‍ ആരോപിച്ചു.

ജയലളിതയുടെ മകള്‍ എന്നവകാശപ്പെട്ട് ബംഗളുരു സ്വദേശിനിയായ അമൃത സാരഥി മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് അഡ്വക്കേറ്റ് ജനറല്‍ ഇക്കാര്യം പറഞ്ഞത്. ജയലളിത ഒരിക്കല്‍ പോലും ഗര്‍ഭം ധരിച്ചിരുന്നില്ല എന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലത്തോടൊപ്പമുള്ള വീഡിയോ ക്‌ളിപ്പും സര്‍ക്കാര്‍ കോടതിയില്‍ നല്‍കി.

ജയലളിതയുടെ മകളാണ് എന്ന അവകാശവാദം ഉന്നയിച്ച് അമൃത സമര്‍പ്പിച്ച ഹര്‍ജിയില്‍ ജനന തിയതി 1980 ഓഗസ്റ്റ് ആണെന്ന് കാണിച്ചിരുന്നു. ഈ വാദത്തെ പൊളിക്കാന്‍ 1980 ല്‍ വാദി പറഞ്ഞിരുന്ന ജനന തിയതിക്ക് തൊട്ടുമുമ്പ് ജയലളിത പങ്കെടുത്ത ഫിലിം ഫെയര്‍ പുരസ്‌ക്കാര ചടങ്ങിന്റെ വീഡിയോ ക്‌ളിപ്പാണ് ജസ്റ്റിസ് വൈദ്യനാഥന്‍ മുമ്പാകെ സര്‍ക്കാര്‍ തെളിവായി സമര്‍പ്പിച്ചത്.

ജയലളിതയുടെ ബന്ധുക്കള്‍ ജീവിച്ചിരിപ്പുണ്ടെന്നും ആവശ്യമെങ്കില്‍ അമൃതയുടെ ഡി.എന്‍.എ പരിശോധന നടത്താന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ജയലളിത ബ്രാഹ്മണ സമുദായംഗമായതിനാല്‍ മൃതദേഹം പുറത്തെടുത്ത് ബ്രാഹ്മണ ആചാരപ്രകാരം സംസ്‌ക്കരിക്കാന്‍ അനുവദിക്കണമെന്നും ഡി.എന്‍.എ പരിശോധന നടത്തണമെന്നും അമൃത ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വൈദ്യനാഥന്‍ കേസ് അടുത്തയാഴ്ചത്തേക്ക് മാറ്റിവെച്ചു. താന്‍ ജയലളിതയുടെ മകള്‍ എന്നവകാശപ്പെട്ട് ബെംഗളൂരു സ്വദേശിനി അമൃത കഴിഞ്ഞവര്‍ഷം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതി ഹര്‍ജി തള്ളുകയും ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

തുടര്‍ന്ന് അമൃത മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ജയലളിത തന്നെ പ്രസവിച്ച ഉടന്‍ ബെംഗളൂരുവിലുള്ള സഹോദരിക്ക് കൈമാറി. ഡി.എന്‍.എ. പരിശോധന നടത്തിയാല്‍ തന്റെ അവകാശവാദം തെളിയിക്കാന്‍ സാധിക്കുമെന്നും അതിന് അനുമതി നല്‍കണമെന്നുമാണ് അമൃത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.