22 വര്‍ഷങ്ങള്‍ക്ക് ശേഷം അവള്‍ തന്റെ പെറ്റമ്മയെ കണ്ടെത്തി

single-img
25 July 2018

22 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പെറ്റമ്മയെ കണ്ടതിന്റെ അടക്കാനാകാത്ത സന്തോഷത്തിലാണ് സീനത്ത് ഏലിയാസ് മിറയ്യ. അമ്മയെ കണ്ടതും യുവതി കെട്ടിപ്പിടിച്ചു കരഞ്ഞു. ഇത്രയും നാള്‍ അമ്മയെ സംരക്ഷിക്കാനാകാത്തതില്‍ മാപ്പ് ചോദിച്ചു. അമ്മയ്ക്ക് അവള്‍ ഒത്തിരി സമ്മാനങ്ങള്‍ നല്‍കി. ആ അമ്മ തന്റെ മകള്‍ക്ക് ഒരു ജോഡി കമ്മല്‍ സ്‌നേഹ സമ്മാനമായി നല്‍കി.

സ്‌പെയിന്‍ സ്വദേശികളായ ആന്റിച്ച് മാന്‍ടി രാമര്‍, ഗാരിസ ഫോര്‍സ് ദമ്പതികള്‍ 14 മാസമുള്ളപ്പോള്‍ സീനത്തിനെ ഇന്ത്യയില്‍ നിന്ന് ദത്തെടുത്തിരുന്നു. ഇപ്പോള്‍ സീനത്തിന് 23 വയസ്സുണ്ട്. സീനത്തിന് 10 വയസുള്ളപ്പോള്‍ സ്പാനിഷ് ദമ്പതികള്‍ ഇന്ത്യയിലെത്തിയെങ്കിലും അമ്മയെ കണ്ടെത്താനായിരുന്നില്ല.

ഏഴാം ക്ലാസ് വരെ പഠിച്ച ശേഷം പിന്നീട് അവള്‍ സൈക്കോളജി പഠിച്ചു. ഒരു ഭക്ഷണശാലയില്‍ ജോലി ചെയ്ത് ഇന്ത്യയിലേക്ക് തിരികെ എത്താനുള്ള പണം കണ്ടെത്തി. പക്ഷേ ഇവിടെയെത്തിയപ്പോള്‍ അവള്‍ അറിഞ്ഞത് പീഡനത്തിനിരയായ അമ്മയുടെ മകളാണ് താനെന്നാണ്.

പിന്നീട് അമ്മയെ കണ്ടെത്താനുള്ള യാത്ര തുടര്‍ന്നു. ഒടുവില്‍ അവള്‍ അലീഫ എന്ന അവളുടെ പെറ്റമ്മയെ കണ്ടെത്തി. പക്ഷേ ഇരുവര്‍ക്കും ഒന്നും സംസാരിക്കാനായില്ല. അലീഫിയയ്ക്ക് ഹിന്ദിയും സീനത്തിന് സ്പാനിഷ് ഭാഷയും മാത്രമേ അറിയൂ. അലീഫിയയ്ക്ക് 21 വയസുള്ളപ്പോഴാണ് ബന്ധുവില്‍ നിന്ന് ലൈംഗിക പീഡനമേറ്റത്.

ഗര്‍ഭിണിയായതോടെ എല്ലാവരും അലീഫിയയെ ഒറ്റപ്പെടുത്തി. കുട്ടി ജനിച്ചപ്പോള്‍ അതിനെ ഉപേക്ഷിക്കാന്‍ ആഗ്രഹമുണ്ടായിരുന്നില്ല. പക്ഷേ അവിവാഹിതയായ തനിക്ക് കുഞ്ഞിനെ വളര്‍ത്താന്‍ പറ്റാത്തതിനാലാണ് ദത്ത് നല്‍കിയതെന്ന് അലീഫിയ പറഞ്ഞു. ‘പക്ഷേ, സീനത്തിനായി ദിവസവും പ്രാര്‍ത്ഥിക്കുമായിരുന്നു’. അലീഫിയ വേദനയോടെ പറഞ്ഞു.

‘ഇപ്പോള്‍ തിരികെ പോകുന്നു. പക്ഷേ ഒരു വര്‍ഷത്തിന് ശേഷം തിരിച്ചു വരും. ഹിന്ദി പഠിക്കും.’ സീനത്ത് അമ്മയോട് പറഞ്ഞു.