സീരിയല്‍ നടിയുടെ കള്ളനോട്ട് കേസില്‍ യു. എ.പി. എ ചുമത്തില്ല

single-img
24 July 2018

കൊല്ലം: സീരിയല്‍ നടിയും സഹോദരിയും അമ്മയും പ്രതികളായ കള്ളനോട്ട് കേസില്‍ യു .എ .പി .എ ചുമത്തില്ലെന്ന് പൊലീസ്. ഉന്നത സാങ്കേതിക വിദ്യയോടെ വിദേശത്ത് അച്ചടിക്കുന്ന വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ പിടിക്കുമ്പോള്‍ ചുമത്താറുള്ള നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം ഈ കേസില്‍ ബാധകമല്ലെന്ന് പൊലീസ് പറയുന്നു.

ഫോറിന്‍സിക് ലാബിലെ ഡോക്യുമെന്റേഷന്‍ വിഭാഗത്തിലേക്ക് കൊല്ലത്ത് നിന്ന് പിടിച്ച നോട്ടുകള്‍ പരിശോധനയ്ക്ക് അയച്ചപ്പോള്‍ ഉന്നത സാങ്കേതിക വിദ്യയുള്ള നോട്ടുകളല്ല ഇതെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. ദുബായിലെയും പാകിസ്ഥാനിലെയും ഹൈ ടെക്ക് പ്രസുകളില്‍ അച്ചടിക്കുന്ന നോട്ടുകള്‍ ആദ്യ ഘടകങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ കണ്ടു പിടിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അവസാന റൗണ്ട് വരെ പിടി തരാത്ത ഇത്തരം നോട്ടുകളുടെ കേസില്‍ മാത്രമേ യു. എ. പി. എ നിയമം ചുമത്തേണ്ടതുള്ളുവെന്ന നിയമോപദേശമാണ് പൊലീസിന് ലഭിച്ചത്.

പ്രാദേശിക സംഘങ്ങള്‍ പഴഞ്ചന്‍ സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ അടിച്ചിറക്കുന്ന നോട്ടുകള്‍ക്ക് ഗൗരവമേറിയ ഈ നിയമം ഉപയോഗിച്ചാല്‍ വിചാരണ വേളയില്‍ കള്ളനോട്ട് കേസ് ദുര്‍ബലമാകുമെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന ഉപദേശം.

വ്യാജ നോട്ട് നിര്‍മാണത്തിനുള്ള സൗകര്യങ്ങള്‍ കൊല്ലം മുളങ്കാടകം തിരുമുല്ലവാരത്തെ ഉഷസ് എന്ന വീട്ടില്‍ ഒരുക്കിയ സൂര്യ, അമ്മ രമാദേവി, സഹോദരി ശ്രുതി എന്നിവരും നോട്ടുകള്‍ അച്ചടിച്ചിരുന്ന പുറ്റടി അച്ചക്കാനം കടിയന്‍കുന്നേല്‍ രവീന്ദ്രന്‍, മുരിക്കാശേരി വാത്തിക്കുടി വെള്ളുകുന്നേല്‍ ലിയോ, കരുനാഗപ്പള്ളി ആദിനാട് അമ്പിയില്‍ കൃഷ്ണകുമാര്‍ എന്നിവരുമാണ് കഴിഞ്ഞ ദിവസം പിടിയിലായത്.

യഥാര്‍ഥ നോട്ടിലുള്ളതുപോലുള്ള വാട്ടര്‍ മാര്‍ക്കും സെക്യൂരിറ്റി ത്രെഡും ഉള്ള വ്യാജനോട്ടാണ് സംഘം നിര്‍മിച്ചിരുന്നത്. ഒന്നാം പ്രതിയായ സാം ഇക്കാര്യത്തില്‍ വിദഗ്ധനാണ്. സീരിയല്‍ താരമായ മൂത്തമകള്‍ സൂര്യയാണ് യന്ത്രസാമഗ്രികള്‍ക്കും മറ്റുമായി ആറുലക്ഷം രൂപയോളം മുടക്കിയത് എന്നാണ് റിപ്പോര്‍ട്ട്. ഇളയ മകള്‍ ശ്രുതിയാണ് അമ്മയോടൊപ്പം ബിസിനസ് ഓപ്പറേഷനുകള്‍ നടത്തിയിരുന്നത്. അമ്മയ്ക്കും മക്കള്‍ക്കും അയല്‍ക്കാരുമായോ ബന്ധുക്കളുമായോ അടുപ്പമുണ്ടായിരുന്നില്ല.

കുവൈത്തില്‍ സ്വര്‍ണക്കടയില്‍ ജോലി ചെയ്യവേ ഏതാനും വര്‍ഷം മുന്‍പു വാഹനാപകടത്തിലാണ് രമാദേവിയുടെ ഭര്‍ത്താവ് ശശികുമാര്‍ മരിച്ചത്. നഷ്ടപരിഹാരമായി ലഭിച്ച തുക ഉള്‍പ്പെടെ ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇവരെന്നു പൊലീസ് പറഞ്ഞു. ആഘോഷമായി നടത്തിയ സൂര്യയുടെ വിവാഹത്തിനു സീരിയല്‍ രംഗത്തെ പ്രമുഖര്‍ എത്തിയിരുന്നു. പക്ഷേ വിവാഹബന്ധം അധികം നീണ്ടില്ല. സാമ്പത്തികമായി തകര്‍ന്നതോടെ വീട് പണയം വച്ചു സഹകരണ ബാങ്കില്‍ നിന്ന് ഒരു കോടിയോളം രൂപ വായ്പയെടുത്തു.

സാമ്പത്തിക തകര്‍ച്ചയാണ് അവരെ കള്ളനോട്ടടിയിലേയ്ക്ക് എത്തിച്ചത് എന്നാണ് കരുതുന്നത്. ഇതില്‍ നിന്നും കരകയറാനുള്ള ശ്രമത്തിലായിരുന്ന സീരിയല്‍ നടിയുടെ കുടുംബത്തെ കള്ളനോട്ട് സംഘവുമായി ബന്ധപ്പെടുത്തിയതു വീടുകളില്‍ പ്രാര്‍ഥനയും പൂജയും നടത്തുന്ന വയനാട് സ്വദേശിയാണെന്ന് പൊലീസ് കണ്ടെത്തി.