വെള്ളപ്പൊക്കത്തില്‍ ദുരിതാശ്വാസക്യാമ്പിലേക്ക് താമസം മാറ്റിയ വീട്ടിൽ മോഷണം:കമിതാക്കള്‍ അറസ്റ്റില്‍

single-img
24 July 2018

കോഴഞ്ചേരി: താമസസ്ഥലത്ത് വെള്ളം കയറിയതിനാല്‍ ദുരിതാശ്വാസക്യാമ്പിലേക്ക് താമസം മാറ്റിയ വീട്ടുകാരുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കമിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കനത്ത മഴമൂലം താഴത്തെ നിലയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ആറാട്ടുപുഴ കാവുംമുക്കത്ത് വീട്ടില്‍ മാത്യൂവും കുടുംബവും ദുരിതാശ്വാസ ക്യാമ്പിലേക്ക് താമസം മാറ്റിയിരുന്നു.

ഇതേവീട്ടില്‍ മുകളിലത്തെ നിലയില്‍ വാടകയ്ക്ക് താമസമാക്കിയ ബിനിജയും കാമുകന്‍ റിജു വര്‍ഗീസുമാണ് മോഷണം നടത്തിയത്. ക്യാമ്പിലേക്ക് മാറുന്നതിന് മുന്‍പ് 30 പവനോളം സ്വര്‍ണാഭരണം വീട്ടില്‍ തന്നെ സുരക്ഷിതമാക്കി വച്ചിരുന്നു. അടുത്ത ദിവസം ആഭരണങ്ങള്‍ വച്ചിരുന്ന സ്ഥലം പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഇതിനെത്തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

സംശയത്തെത്തുടര്‍ന്ന് വാടകക്കാരിയായ ബിനിജയെ ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന്റെ സൂചനകള്‍ ലഭിച്ചത്. പിന്നീട് ഇവരുടെ വീട് എടുത്ത് നല്‍കിയ റിജുവിനെയും ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന്റെ വിശദാംശം പോലീസിന് ലഭിച്ചത്. ബിനിജയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്.

കാമുകന്‍ റിജുവാണ് ബിനിജയ്ക്ക് വീട് വാടകയ്ക്ക് എടുത്തു നല്‍കിയത്. വീടിന്റെ പിന്‍ഭാഗത്തുള്ള ജനല്‍ അഴി മുറിച്ചുമാറ്റിയാണ് ഇരുവരും മോഷണം നടത്തിയത്.