മോഹന്‍ലാലിനെതിരെ മുഖ്യമന്ത്രിക്ക് 107 പേര്‍ ഒപ്പിട്ട നിവേദനം

single-img
23 July 2018

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് സിനിമ സാംസ്‌കാരിക പ്രവര്‍ത്തകര്‍. 107 പേരടങ്ങുന്ന ചലച്ചിത്ര, സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനു ഭീമഹര്‍ജി നല്‍കി.

നടന്‍ പ്രകാശ് രാജ്, സാഹിത്യകാരന്‍ എന്‍.എസ്.മാധവന്‍ എന്നിവരും ഒപ്പിട്ടിട്ടുണ്ട്. പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തന്നെയാണ് ആദ്യം രംഗത്തെത്തിയത്.

നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിനെ താരസംഘടനയായ ‘അമ്മ’യിലേക്കു തിരിച്ചെടുത്തതിലെ പ്രതിഷേധമാണു മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യത്തിനു പിന്നില്‍. ഡബ്ലിയു.സി.സി അംഗങ്ങള്‍ ഉള്‍പ്പടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പുറമെ മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും നിവേദനത്തില്‍ ഒപ്പു വച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ചടങ്ങില്‍ നിന്ന് ജൂറിയിലെ ഒരു വിഭാഗം വിട്ടു നില്‍ക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളാണ് നടന്നിരുന്നത്. അതിന്റെ ഭാഗമായാണ് 107 പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് കൈമാറിയത്. എ.എം.എം.എയില്‍ നിന്നും രാജി വച്ച നടിമാരായ റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരും കത്തില്‍ ഒപ്പു വച്ചിട്ടുണ്ട്.

പ്രസ്താവനയുടെ പൂര്‍ണരൂപം

സിനിമയിലെ ക്രിയാത്മകമായ കലാപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സംസ്ഥാനം നല്‍കുന്ന ഉന്നതമായ പുരസ്‌കാരമാണ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്. മലയാള സിനിമയിലെ കലാകാരന്മാര്‍ക്ക് സ്വന്തം നാട്ടില്‍ നിന്നും ലഭിക്കുന്ന ഏറ്റവും വലിയ ആദരവാണ് ഈ പുരസ്‌കാരം.

അതുകൊണ്ടുതന്നെ ഈ പുരസ്‌കാരം അവര്‍ക്ക് സമ്മാനിക്കേണ്ടതും സാംസ്‌കാരികപൂര്‍ണ്ണമായ ഒരു കലാന്തരീക്ഷത്തില്‍ ആകേണ്ടതുണ്ട്. ദേശീയ പുരസ്‌കാരം രാഷ്ട്രപതി നല്‍കുന്ന മാതൃകയില്‍ സംസ്ഥാനം ഔദ്യോഗികമായി നല്‍കുന്ന ഒരു പുരസ്‌കാര ചടങ്ങ് ആണ് കേരളത്തിലും ഉണ്ടാകേണ്ടത്.

സാംസ്‌ക്കാരിക മന്ത്രിയുടെ സാന്നിധ്യത്തില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി അവാര്‍ഡ് ജേതാക്കള്‍ക്ക് പുരസ്‌കാരം നല്‍കുന്ന ലളിതവും അന്തസ്സുറ്റതുമായ ഒരു ചടങ്ങായിരിക്കണം കേരള സംസ്ഥാന അവാര്‍ഡ് വിതരണ വേദി. ഈ ചടങ്ങില്‍ മുഖ്യമന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് തീര്‍ത്തും അനൗചിത്യം മാത്രമല്ല പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാട്ടുക കൂടിയാണ്.

മുഖ്യാതിഥിയായി സിനിമയിലെ തന്നെ ഒരു താരം വരുമ്പോള്‍ ആ താരം അഭിനയിച്ച സിനിമകള്‍ കൂടി ഉള്‍പ്പെട്ട ഒരു വിധിനിര്‍ണ്ണയത്തില്‍ പുരസ്‌കാരം നേടിയ ആളുകളെ വല്ലാതെ ചെറുതാക്കുന്ന ഒരു നടപടി ആകും അത്. അത്തരം ഒരു കീഴ്‌വഴക്കം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ അനുവര്‍ത്തിക്കരുത് എന്ന് ഞങ്ങള്‍ ഓര്‍മപ്പെടുത്തുന്നു.

ആ ചടങ്ങിലെ മുഖ്യ അതിഥികള്‍ മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും അവാര്‍ഡ് ജേതാക്കളും മാത്രം ആയിരിക്കണം. അതിന് കോട്ടം തട്ടുന്ന തരത്തില്‍ ഒരു മുഖ്യഅതിഥിയെ അവാര്‍ഡ് ദാന ചടങ്ങില്‍ ക്ഷണിക്കുന്ന രീതി ഒട്ടും നല്ല സന്ദേശമല്ല നല്‍കുന്നത്.

ഈ ഒരു രീതി ഒരു വര്‍ഷവും അനുവര്‍ത്തിക്കാന്‍ പാടുള്ളതല്ല. ഇത് ദൂരവ്യാപകമായ ദോഷം ചെയ്യുന്ന ഒരു കീഴ്വഴക്കം ആയി മാറും. ആയതിനാല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും അവാര്‍ഡ് ജേതാക്കളും അല്ലാതെ ഒരു മുഖ്യ അതിഥിയും ഉണ്ടാകരുത് എന്ന നിലപാട് ഇപ്പോഴും തുടര്‍ന്നും സര്‍ക്കാര്‍ സ്വീകരിക്കണം എന്ന് ഞങ്ങള്‍ സംയുക്തമായി ആവശ്യപ്പെടുന്നു.