പൊള്ളയായ വാഗ്ദാനങ്ങളും ആത്മപ്രശംസയും കൊണ്ട് രാജ്യത്തിന് ഗുണമില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിങ്

single-img
22 July 2018

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. പൊള്ളയായ വാഗ്ദാനങ്ങളും ആത്മപ്രശംസയും കൊണ്ട് രാജ്യത്തിന്റെ നയരൂപീകരണം സാധ്യമല്ലെന്നാണ് മന്‍മോഹന്‍ സിങ് പറഞ്ഞത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തുടര്‍ച്ചയായി മോദി നടത്തുന്ന സ്വയം പുകഴ്ത്തലുകള്‍ക്കോ പൊള്ളയായ വാഗ്ദാനങ്ങള്‍ക്കോ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കാവശ്യമായ നയരൂപീകരണങ്ങള്‍ സാധ്യമാക്കാന്‍ കഴിയില്ല. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന മോദിയുടെ വാഗ്ദാനം നിലവിലെ കാര്‍ഷിക വളര്‍ച്ചാ മേഖലയിലെ നിരക്കിന്റെ അടിസ്ഥാനത്തില്‍ സാധ്യമായ ഒന്നല്ല,’ മന്‍മോഹന്‍ സിംഗ് ചൂണ്ടിക്കാട്ടി.

മോദിക്കെതിരെ നേരത്തേയും രൂക്ഷ വിമര്‍ശനവുമായി മന്‍മോഹന്‍ സിംഗ് രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മോദി തകര്‍ത്തെന്നും സാമ്പത്തിക ദുര്‍ഭരണമാണ് മോദിസര്‍ക്കാര്‍ നടത്തുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. അതേസമയം ഇന്ത്യയുടെ സാമൂഹ്യ ഐക്യവും സാമ്പത്തിക വികസനവും തിരിച്ചുപിടിക്കുന്നതിനായുള്ള രാഹുല്‍ ഗാന്ധിയുടെ പ്രയത്‌നങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്ന് മന്‍മോഹന്‍ സിംഗ് യോഗത്തില്‍ വ്യക്തമാക്കി.