മുസ്‌ലിം നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച വിവാദമാക്കിയ മോദിക്കും ബിജെപി നേതാക്കള്‍ക്കും രാഹുല്‍ ഗാന്ധിയുടെ ‘മാസ് മറുപടി’

single-img
17 July 2018

മുസ്‌ലിം നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച വിവാദമാക്കിയ ബിജെപി നേതാക്കള്‍ക്കു മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ‘ചൂഷിതരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും പീഡിതരുമായ അവസാന ആളിനൊപ്പവും ഞാനുണ്ടാവും.

അവരുടെ മതമോ ജാതിയോ വിശ്വാസമോ പരിഗണനയല്ല. വേദനകളിലും അവരെ ചേര്‍ത്തണയ്ക്കാനാണു ശ്രമിക്കുക. വെറുപ്പും ഭയവും മായ്ച്ചുകളയുകയാണു ലക്ഷ്യം. എല്ലാ ജീവജാലങ്ങളെയും ഞാനിഷ്ടപ്പെടുന്നു. ഞാനൊരു കോണ്‍ഗ്രസുകാരനാണ്’– രാഹുല്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ചയായിരുന്നു കോണ്‍ഗ്രസ് മുസ്‌ലിം പാര്‍ട്ടിയാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞുവെന്ന് ആരോപിച്ച് പ്രധാനമന്ത്രിയടക്കം രാഹുല്‍ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. കോണ്‍ഗ്രസ് മുസ്‌ലിം പുരുഷ പാര്‍ട്ടിയാണെന്ന് വരെ പ്രധാനമന്ത്രി ആരോപിച്ചിരുന്നു.

രാഹുലിന്റെ പരാമര്‍ശം രാഷ്ട്രീയ ആയുധമായി ഏറ്റെടുത്ത് ശക്തമായ പ്രചരണം നടത്താനായിരുന്നു ബി.ജെ.പി തീരുമാനം.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നെ രാഹുല്‍ഗാന്ധി വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു നിര്‍മ്മല സീതാരാമന്‍ ആരോപിച്ചത്. ഇങ്ങനെ വിവാദത്തിന് കൂടുതല്‍ ശക്തിപ്രാപിക്കുന്നതിനിടെയാണ് രാഹുല്‍ഗാന്ധി ട്വീറ്റുമായി രംഗത്തെത്തിയത്.