കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ നേതാക്കളെ പൊലീസ് വിട്ടയച്ചു
അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ സംസ്ഥാന നേതാക്കളെ പൊലീസ് വിട്ടയച്ചു. സംസ്ഥാന പ്രസിഡന്റടക്കം 7 പേരെയും വിട്ടയച്ചതായി പൊലീസ് അറിയിച്ചു. എറണാകുളം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്തി പുറത്തിറങ്ങുമ്പോഴായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്.
എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ.മനോജ്കുമാര്‍, ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ആയിരുന്നു എസ്.ഡി.പി.ഐ നേതാക്കളുടെ വാര്‍ത്താസമ്മേളനം. അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാളെ പോലും ഇനിയും അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തതില്‍ പൊലീസിനെതിരെ വിമര്‍ശനം ശക്തമാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാന നേതാക്കളെ കസ്റ്റഡിയിലെടുത്തത്.