ഇന്ത്യയുടെ നിര്‍ദ്ദേശം തള്ളി; സാക്കിര്‍ നായിക്കിനെ തിരിച്ചയയ്ക്കില്ലെന്ന് മലേഷ്യ

single-img
6 July 2018

വിവാദ മതപ്രഭാഷകന്‍ സാകിര്‍ നായികിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന ആവശ്യം മലേഷ്യന്‍ സര്‍ക്കാര്‍ നിരസിച്ചു. നായികിനെ തിരിച്ചയക്കില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് വ്യക്തമാക്കി. നായിക് പ്രശ്‌നങ്ങളൊന്നുമുണ്ടാക്കുന്നില്ല. സ്ഥിര താമസമാക്കിയതിനാല്‍ അദ്ദേഹത്തെ തിരിച്ചയക്കാനാവില്ലെന്നും മഹാതിര്‍ പറഞ്ഞു.

സാകിര്‍ നായിക്കിനെ തിരിച്ചയക്കുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞദിവസം മലേഷ്യയോട് ആവശ്യപ്പെട്ടിരുന്നു. തനിക്ക് നീതി ലഭിക്കും എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ ഇന്ത്യയിലേക്ക് മടങ്ങി വരികയുള്ളൂ എന്നും അതുവരെ മാതൃ രാജ്യത്തേക്ക് ഇല്ലെന്നും സാകിര്‍ നായിക് പറഞ്ഞിരുന്നു.

സാക്കിറിനെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ പലവട്ടം ഇന്ത്യയോട് ആവശ്യപ്പെട്ടുവെന്നും അങ്ങനെയെങ്കില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിക്കാമെന്ന് അറിയിച്ചതാണെന്നും എന്നാല്‍ ഇന്ത്യ ഇക്കാര്യത്തില്‍ പരാജയപ്പെട്ടുവെന്നും മലേഷ്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

സാക്കിറിനെ തിരിച്ചയയ്ക്കില്ലെന്ന മലേഷ്യന്‍ സര്‍ക്കാരിന്റെ നിലപാട് അടുത്ത ദിവസങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്രബന്ധം വഷളാക്കാന്‍ ഇടയുണ്ട്. ബംഗ്ലാദേശില്‍ അടക്കം നടന്ന ഭീകരാക്രമണങ്ങള്‍ക്ക് പ്രേരണയേകിയത് സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങളാണെന്ന് കണ്ടെത്തിയതിന് പിന്നാലെ 2016ലാണ് സാക്കിര്‍ ഇന്ത്യ വിടുന്നത്.

ആദ്യം ഗള്‍ഫ് രാജ്യങ്ങളില്‍ മാറിമാറി താമസിച്ചിരുന്ന സാക്കിറിന് പിന്നീട് മലേഷ്യ പൗരത്വം നല്‍കുകയായിരുന്നു. സാക്കിര്‍ നായികിന്റെ പ്രഭാഷണങ്ങള്‍ ഇന്ത്യയിലെ വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദ്ദം തകര്‍ക്കുമെന്നും വിദ്വേഷം വര്‍ധിപ്പിക്കുമെന്നുമായിരുന്നു എന്‍ഐഎയുടെ നിരീക്ഷണം. 52കാരനായ സാക്കിര്‍ അറസ്റ്റ് ഭയന്ന് 2016ല്‍ പിതാവ് ഡോ. അബ്ദുള്‍ കരീം നായികിന്റെ സംസ്‌കാര ചടങ്ങില്‍ പോലും സംബന്ധിച്ചിരുന്നില്ല.