ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ താരങ്ങളായ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു മരണം

single-img
6 July 2018

തായ്‌ലാന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിക്കാനുള്ള രക്ഷാപ്രവര്‍ത്തനത്തിനിടെ നീന്തല്‍ പരിശീലകന്‍ മരിച്ചു. മുന്‍ നാവിക സേനാ ഉദ്യോഗസ്ഥന്‍ കൂടിയായ സമണ്‍ കുനാനാണ് മരിച്ചത്. ഗുഹയില്‍ എയര്‍ടാങ്ക് സ്ഥാപിക്കുന്നതിനിടെ ഓക്‌സിജന്‍ കിട്ടാതാവുകയായിരുന്നു. അബോധാവസ്ഥയിലായ സമണ്‍ പിന്നീട് മരിക്കുകയായിരുന്നു.

അതേസമയം, ഒരാഴ്ച്ചയ്ക്കകം പ്രദേശത്ത് കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് രക്ഷാപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്. കനത്ത മഴ പെയ്താല്‍ ഗുഹയിലെ ജലനിരപ്പ് ഉയരുമെന്നും അത് കുട്ടികളുടെ സുരക്ഷയെ ബാധിക്കുമെന്നതും രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ഇതിനിടെ പരിശീലകന്‍ മരിച്ചത് രക്ഷാപ്രവര്‍ത്തകരെയും പുറംലോകത്തെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നുണ്ട്. പമ്പുകളുപയോഗിച്ചാണ് ഇപ്പോള്‍ ഗുഹയിലെ ജലം വറ്റിക്കുന്നത്. മഴ ഇനിയും പെയ്യാനുള്ള സാധ്യത നിലനില്‍ക്കെ വെള്ളം പൂര്‍ണമായി വറ്റിക്കുക എന്ന മാര്‍ഗ്ഗവും പ്രായോഗികമല്ല.

വെള്ളം പൂര്‍ണ്ണമായും താഴുന്നത് കാത്തിരിക്കുന്നത് അപകടരമാണ്. ഇതിന് മൂന്നു മുതല്‍ നാലു മാസം വരെ സമയം വേണ്ടിവന്നേക്കും. അത്രയും കാലം കുട്ടികള്‍ എങ്ങനെ ഗുഹയില്‍ സുരക്ഷിതരായി കഴിയും എന്നതാണ് പ്രശ്‌നം. അതിനാല്‍ കുട്ടികളെ നീന്തലും ഡൈവിംഗും വെള്ളത്തിലെ രക്ഷാ മാര്‍ഗങ്ങളും പഠിപ്പിക്കേണ്ടി വരുമെന്നാണ് അധികൃതര്‍ പറയുന്നത്. എത്രയും വേഗം ഇതെല്ലാം പരിശീലിപ്പിച്ച് കുട്ടികളെ പുറത്തെത്തിക്കാനും ആലോചനയുണ്ട്.