രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

single-img
6 July 2018

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി മയക്കുമരുന്നിനടിമയാണെന്നും പഞ്ചാബ് സര്‍ക്കാരിന്റെ ലഹരി പരിശോധനയില്‍ പങ്കെടുത്താല്‍ തീര്‍ച്ചയായും പരാജയപ്പെടുമെന്നും ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. മാധ്യമങ്ങളോടു സംസാരിക്കവേയാണ് രാഹുല്‍ ഗാന്ധി കൊക്കെയ്ന്‍ ഉപയോഗിക്കുന്നയാളാണെന്ന സ്വാമിയുടെ പരാമര്‍ശമുണ്ടായത്.

70 ശതമാനം പഞ്ചാബികളും ലഹരിയുടെ അടിമയാണെന്ന കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദലിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചാബികള്‍ ലഹരി മരുന്നിന് അടിമയാണെന്ന് പ്രസ്താവന നടത്തിയത് രാഹുല്‍ ഗാന്ധിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി ഉത്തേജക പരിശോധനയ്ക്ക് വിധേയമാകണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു. പഞ്ചാബിലെ പൊലീസുകാരുള്‍പ്പടെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മയക്കുമരുന്നു പരിശോധന നിര്‍ബന്ധമാക്കി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഇതുകൂടാതെ മയക്കുമരുന്നു കടത്തുകാര്‍ക്കും വില്‍പ്പനക്കാര്‍ക്കും വധശിക്ഷ നല്‍കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യണമെന്നും സര്‍ക്കാര്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. കഴിഞ്ഞ മാസം നിരവധിപേര്‍ ലഹരി ഉപയോഗത്തെ തുടര്‍ന്ന് മരിച്ചതിനെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങളാണ് പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് നേരിടേണ്ടി വന്നത്.