ബലാല്‍സംഗക്കേസില്‍ വൈദികര്‍ക്കെതിരെ തെളിവു ലഭിച്ചെന്നു സൂചന; അന്വേഷണം 10 ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ക്രൈംബ്രാഞ്ച്

single-img
6 July 2018

ഓര്‍ത്തഡോക്‌സ് സഭ വൈദികര്‍ക്കെതിരായ ബലാല്‍സംഗക്കേസില്‍ അന്വേഷണം പത്ത് ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ക്രൈംബ്രാഞ്ച്. എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ എത്തിയ അന്വേഷണ സംഘം വീണ്ടും തെളിവെടുത്തു. കൂടുതല്‍ മൊഴികള്‍ രേഖപ്പെടുത്തി.

വൈദികര്‍ക്കെതിരെ പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം മതി അറസ്റ്റെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. ഇതിന്റെ അടിസ്ഥാനത്തിലാണ് എറണാകുളത്തെ ലെ മെറിഡിയന്‍ ഹോട്ടലില്‍ യുവതിയുമായി അന്വേഷണ സംഘം തെളിവെടുത്തത്. ദില്ലിയിലെ വൈദികനായ ജെയ്‌സ് കെ ജോര്‍ജുമായി യുവതി താമസിച്ചതിന്റെ രേഖകള്‍ അന്വേഷണ സംഘം പരിശോധിച്ചു.

തെളിവെടുപ്പ് രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. പ്രതികളും ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികരുമായ ഏബ്രഹാം വര്‍ഗീസ്, ജെയ്‌സ് കെ.ജോര്‍ജ്, ജോബ് മാത്യു, ജോണ്‍സണ്‍ വി. മാത്യു എന്നിവരുടെ വീടുകളിലെത്തിയും അന്വേഷണസംഘം വിവരം ശേഖരിച്ചു.

വൈദികരെക്കുറിച്ച് അന്വേഷിച്ചെങ്കിലും എവിടെയുണ്ടെന്ന് അറിയില്ലെന്ന മറുപടിയാണു വീട്ടുകാര്‍ നല്‍കിയത്. ഇതോടൊപ്പം, കേസിന് ആസ്പദമായ കാലഘട്ടത്തില്‍ പ്രതികളായ വൈദികര്‍ എവിടെയെല്ലാം ജോലി ചെയ്തിട്ടുണ്ടെന്ന വിവരവും ക്രൈംബ്രാഞ്ച് സംഘം സഭയില്‍നിന്നു ശേഖരിച്ചിട്ടുണ്ട്.

കേസിലെ തെളിവുകള്‍ കൂട്ടിയിണക്കുന്നതിനു നിലവില്‍ ലഭ്യമായ വിവരങ്ങളും രേഖകളും സഹായകമാകുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണസംഘം. നാലു വൈദികരും എവിടെയുണ്ടെന്ന കൃത്യമായ സൂചന അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്. നിര്‍ണായക തെളിവുകളും ക്രൈംബ്രാഞ്ചിനു ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

നാലുപേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കുന്ന സാഹചര്യത്തില്‍ ധൃതിപിടിച്ച് അറസ്റ്റിലേക്കു നീങ്ങേണ്ടതില്ലെന്ന തീരുമാനത്തിലാണു ക്രൈംബ്രാഞ്ച്. അതുകൊണ്ടു ലഭ്യമായ സമയത്തു വേഗത്തില്‍ തെളിവു ശേഖരണം പൂര്‍ത്തീകരിക്കാനുള്ള ശ്രമമാണു നടക്കുന്നത്. അതിനിടെ കേസില്‍ ദേശീയ വനിതാ കമ്മീഷന്‍ പരാതിക്കാരിയില്‍ നിന്ന് നേരിട്ട് തെളിവെടുക്കും. കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മയുടെ നേതൃത്വത്തിലുള്ള രണ്ടംഗ അന്വേഷണ സംഘം നാളെ തിരുവല്ലയില്‍ എത്തും.