ഒടിയന്റെ ഔദ്യോഗിക ടീസര്‍ ഇറങ്ങി: റിലീസ് തീയതിയും പ്രഖ്യാപിച്ചു

single-img
6 July 2018

Odiyan Official Teaser

Odiyan Official Teaser

Posted by Mohanlal on Friday, July 6, 2018

ആരാധകര്‍ കാത്തിരിക്കുന്ന ഏറ്റവും പുതിയ മോഹന്‍ലാല്‍ ചിത്രമായ ഒടിയന്റെ ഔദ്യോഗിക ടീസര്‍ ഇറങ്ങി. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഔദ്യോഗിക പേജിലൂടെ സിനിമയുടെ ടീസര്‍ പുറത്ത് വിട്ടത്. ടീസറില്‍ ഒരു പഴയ തറവാടിനെ അനുസ്മരിപ്പിക്കുന്ന കെട്ടിടത്തിന് മുന്നിലൂടെ കമ്പിളി ധരിച്ച് നടന്ന് വരുന്ന മോഹന്‍ലാല്‍ ആണുള്ളത്. നേരത്തെ മോഷന്‍ പോസ്റ്ററിലൂടെ പുറത്ത് വിട്ട ബി.ജി.എം തന്നെയാണ് ടീസറിലും ഉപയോഗിച്ചിരിക്കുന്നത്.

ഒടിയന്‍ മാണിക്യന്റെ ഒടിവേലകള്‍ ഇനി കണ്ടുതുടങ്ങാമല്ലേ എന്ന വാക്കുകളോടെയാണ് ടീസര്‍ അവസാനിക്കുന്നത്. ഒക്ടോബര്‍ 11ന് ചിത്രം തീയേറ്ററുകളിലെത്തും. ഒടിയന്‍ മാണിക്യന്റെയും സാങ്കല്‍പ്പിക ഗ്രാമമായ തേന്‍കുറിശ്ശിയുടെയും കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാലിനെയും മനോജ് ജോഷിയേയും കൂടാതെ പ്രകാശ് രാജ്, നരേന്‍, സിദ്ദിഖ്, മഞ്ജു വാര്യര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്‌നാണ്. മധ്യകേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാലിന്റെ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്.

മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ച സിനിമകളെ പിന്നിലാക്കി, ഏറ്റവുമധികം ബജറ്റില്‍ നിര്‍മ്മിക്കുന്ന സിനിമ ഒടിയനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഗ് റിലീസായിട്ടാണ് ഒടിയന്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.