അഭിമന്യു വധം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി; ഏത് സമയത്തും എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ പരിശോധന നടത്താന്‍ പ്രത്യേക സ്‌ക്വാഡിന് ഡിജിപിയുടെ നിര്‍ദേശം

single-img
6 July 2018

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. നിലവില്‍ സെന്‍ട്രല്‍ സി.ഐ അനന്ത്‌ലാലിനായിരുന്നു അന്വേഷണ ചുമതല. എന്നാല്‍ ഇനി മുതല്‍ കേസ് കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മിഷണര്‍ സുരേഷ് കുമാര്‍ അന്വേഷിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

അന്വേഷണം കൂടുതല്‍ വിപുലപ്പെടുത്താനാണ് ഉദ്യോഗസ്ഥനെ മാറ്റിയത്. കേസിന്റെ മേല്‍നോട്ട ചുമതല ഡി.ജി.പി നേരിട്ട് വഹിക്കും. കേസിലെ ഒന്നാം പ്രതിയായ മുഹമ്മദിനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മുഹമ്മദിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ഇയാളുടെ വീട്ടില്‍ അന്വേഷണ സംഘമെത്തിയെങ്കിലും വീട്പൂട്ടി സ്ഥലം വിട്ടിരുന്നു. മുഹമ്മദ് രാജ്യം വിടാന്‍ സാദ്ധ്യതയുള്ളതിനാല്‍ വിമാനത്താവളങ്ങളില്‍ അടക്കം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊലപാതക സംഘത്തിലെ മറ്റു പ്രതികളും രാജ്യം വിടാനുള്ള സാദ്ധ്യതയുണ്ടെന്നും ഇവരില്‍ എട്ട് പേര്‍ക്കായി വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതായും പൊലീസ് പറഞ്ഞു.

പ്രധാന പ്രതികളെ ഇനിയും പിടികൂടാനാവാത്തത് പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. ഏത് സമയത്തും എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ പരിശോധന നടത്താന്‍ പ്രത്യേക സ്‌ക്വാഡിന് ഡിജിപി നിര്‍ദേശം നല്‍കി. എസ്ഡിപിഐ നേതാക്കളുടെ സ്വത്ത് വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മറ്റ് സംഘടനകളില്‍ നുഴഞ്ഞുകയറിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഇന്നലെ മുതലാണ് പൊലീസ് പരിശോധന ആരംഭിച്ചത്. പരിശോധനയ്ക്കായി സിഐയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡിനെയും രൂപൂകരിച്ചിട്ടുണ്ട്.

സംശയം തോന്നിയാല്‍ ഏത് സമയത്തും എവിടെ വേണമെങ്കിലും സ്‌ക്വാഡ് പരിശോധന നടത്തും. മാത്രമല്ല സംശയം തോന്നുന്ന വ്യക്തികളെ കസ്റ്റഡിയില്‍ എടുക്കാനും അന്വേഷണ സംഘത്തിന് ഉന്നത പൊലീസ് മേധാവിയുടെ നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

കൂടാതെ എസ്ഡിപിഐ, എന്‍ഡിഎഫ് തുടങ്ങിയ സംഘടനകളില്‍ പ്രവര്‍ത്തിച്ച് കേസില്‍ ഉള്‍പ്പെട്ടവരുടെ പട്ടികയും തയ്യാറാക്കുന്നുണ്ട്. എസ്ഡിപിഐ പ്രവര്‍ത്തകരുമായി ബന്ധമുള്ള പൊലീസുകാരും പ്രത്യേക സ്‌ക്വാഡിന്റെ നീരീക്ഷണത്തിലായിരിക്കും.

മഹാരാജാസില്‍ നടന്ന കൊലപാതകത്തിന്റെ പഞ്ചാത്തലത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെയും എസ്ഡിപിഐയെയും നിരോധിക്കുന്നതിനു പകരം ശക്തമായി നിയന്ത്രിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. നിരോധിച്ചാല്‍ മറ്റ് പേരുകളില്‍ പ്രവര്‍ത്തിക്കും എന്നതിനാലാണ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.