ജസ്റ്റിസ് ലോയ കേസില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി എതിര്‍ക്കുന്നതിന് മഹാരാഷ്ട്ര ചെലവിട്ടത് ഒന്നേകാല്‍ കോടി രൂപ

single-img
6 July 2018

സി.ബി.ഐ പ്രത്യേക ജഡ്ജിയായിരുന്ന ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി എതിര്‍ക്കുന്നതിന് മഹാരാഷ്ട്ര ചെലവിട്ടത് ഒന്നേകാല്‍ കോടി രൂപ. മഹാരാഷ്ട്ര സര്‍ക്കാറിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായതിന് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിക്കാണ് 1.21 കോടി രൂപ അനുവദിച്ചത്.

റോത്തഗിയെ കേസില്‍ സംസ്ഥാനം സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിരുന്നു. ഇന്ത്യയുടെ മുന്‍ സോളിസിറ്റര്‍ ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ ഹരീഷ് സാല്‍വെയാണ് മറ്റൊരു പബ്ലിക് പ്രോസിക്യൂട്ടര്‍. വിവരാവകാശ പ്രവര്‍ത്തകന്‍ ജതിന്‍ ദേശായ് സമര്‍പ്പിച്ച ആര്‍.ടി.ഐ അപേക്ഷക്കുള്ള മറുപടിയിലാണ് ഫീസ് വിവരം പുറത്തുവന്നത്.

ഈ വിഷയത്തില്‍ റോത്തഗി സുപ്രീംകോടതിയില്‍ 11 തവണയാണ് ഹാജരായത്. ഓരോ ഹിയറിങ്ങിനും 11 ലക്ഷമാണ് ഫീസ്. സാല്‍വെക്ക് നല്‍കിയ തുകയുടെ കാര്യം മറുപടിയില്‍ ഇല്ല. ലോയയുടെ മരണത്തിലെ സ്വതന്ത്രാന്വേഷണം എന്ന ആവശ്യം സുപ്രീംകോടതി ഏപ്രിലില്‍ തള്ളിയിരുന്നു.