ജെസ്ന കേസിൽ പുതിയ തെളിവുകൾ ലഭിച്ചെന്ന് ഡിജിപി

single-img
6 July 2018

ജെസ്നയുടെ തിരോധാനം സംബന്ധിച്ചുള്ള അന്വേഷണത്തിൽ പോലീസിന് പുതിയ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ. അതെന്താണെന്ന് ഇപ്പോൾ വ്യക്തമാക്കാനാവില്ല. സങ്കീർണമായ അന്വേഷണസാഹചര്യമായിരുന്നു ഇതുവരെ.

പുതിയ തെളിവുകൾ പിടിവള്ളിയായി മാറും. സംസ്ഥാന പോലീസ് ചരിത്രത്തിൽത്തന്നെ അപൂർവമായ കേസന്വേഷണമാണ് നടക്കുന്നത്. ജെസ്നയുടെ വിവരം അറിയാവുന്ന പലരും അത് പുറത്ത് പറയാൻ മടിക്കുന്നതായാണ് കരുതുന്നത്.

വിവരം തരുന്നവർ കേസന്വേഷണത്തിലെ നൂലാമാലകളിൽപ്പെടുകയോ അവരുടെ വിവരങ്ങൾ പുറത്താകുകയോ ചെയ്യില്ലെന്ന് താൻ ഉറപ്പ് തരുന്നതായും ബെഹ്‌റ പറഞ്ഞു.

ഓർത്തഡോക്‌സ് സഭയിൽ ലൈംഗികചൂഷണക്കേസിൽ ഉൾപ്പെട്ട വൈദികരുടെ അറസ്റ്റ് എപ്പോൾ വേണമെങ്കിലും ഉണ്ടാകാമെന്ന് ഡി.ജി.പി. പറഞ്ഞു. ഒൻപതു വർഷം മുമ്പുമുതൽ നടന്ന സംഭവങ്ങളാണ് ഇപ്പോൾ പരിശോധിക്കുന്നത്. പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. ശരിയായ ദിശയിലാണ് കേസ് മുന്നേറുന്നത്. പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കാൻ എളുപ്പമാണെന്ന് കരുതുന്നില്ല.