പരമാധികാരി ചീഫ് ജസ്റ്റിസ്; കേസുകള്‍ വിഭജിച്ച് നല്‍കാനുള്ള അധികാരവും ചീഫ് ജസ്റ്റിസിന് മാത്രമെന്ന് സുപ്രീംകോടതി

single-img
6 July 2018

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ കേസുകള്‍ വിവിധ ബെഞ്ചുകള്‍ക്ക് വിഭജിച്ച് നല്‍കുന്നതിനുള്ള പരമാധികാരം ചീഫ് ജസ്റ്റിസിനാണെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ സംശയമോ തര്‍ക്കമോ വേണ്ടെന്നും കേസുകള്‍ നിശ്ചയിക്കുന്നത് (മാസ്റ്റര്‍ ഒഫ് റോസ്റ്റര്‍) മറ്റ് ജഡ്ജിമാരിലേക്ക് വീതിക്കാനാകില്ലെന്നും ജസ്റ്റിസുമാരായ എ.കെ.സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കേസുകള്‍ വീതിച്ച് നല്‍കേണ്ടത് കൊളീജിയമാണെന്ന ശാന്തിഭൂഷന്റെ ആവശ്യം തള്ളിയ കോടതി ഇക്കാര്യം പ്രായോഗിമല്ലെന്നും ചൂണ്ടിക്കാട്ടി. ഭരണഘടനയില്‍ ചീഫ് ജസ്റ്റിസിന്റെ അധികാരം നിര്‍വചിച്ചിട്ടില്ലെന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

കേസുകള്‍ വിഭജിക്കുന്നതില്‍ ചീഫ് ജസ്റ്റിസ് പ്രൊട്ടോക്കോള്‍ ലംഘിക്കുന്നു എന്നാരോപിച്ച് അടുത്തിടെ വിരമിച്ച ജസ്റ്റിസ് ജെ ചെലമേശ്വറിന്‍റെ നേതൃത്വത്തില്‍ നാല് ജഡ്ജിമാര്‍ പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊതു താല്‍പ്പര്യ ഹര്‍ജി നല്‍കിയത്.