അമിത് ഷായുടെ പരിപാടിക്ക് എത്തിയ പ്രവര്‍ത്തകര്‍ ഭക്ഷണപ്പൊതിക്കായി ഏറ്റുമുട്ടി: വൈറലായി വീഡിയോ

single-img
6 July 2018

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വാരണാസിയില്‍ വിളിച്ചുചേര്‍ത്ത ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയ വളണ്ടിയേഴ്‌സ് മീറ്റിന് പിന്നാലെ ഭക്ഷണപ്പൊതിക്കായി അടിപിടി കൂടുന്ന പ്രവര്‍ത്തകരുടെ വീഡിയോ വൈറലാകുന്നു. വേദിയുടെ സമീപത്തായി ഭക്ഷണം വിതരണം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ കൂട്ടത്തോടെ ഓടിയെത്തി അടിപിടികൂടി ഭക്ഷണപ്പൊതി പിടിച്ചുവാങ്ങുന്ന പ്രവര്‍ത്തകരുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ന്യൂസ്24 ആണ് ഈ വീഡിയോ പുറത്തുവിട്ടത്.

സംഭവം വിവാദമായതിന് പിന്നാലെ വിഷയത്തില്‍ വിശദീകരണവുമായി പരിപാടിയുടെ സംഘാടകര്‍ രംഗത്തെത്തി.
എല്ലാവര്‍ക്കുമുള്ള ഭക്ഷണപ്പൊതികള്‍ തങ്ങള്‍ കരുതിയിരുന്നെന്നും എന്നാല്‍ 4000 പേര്‍ ഒരേസമയം ഹാളിനകത്തേക്ക് ഒന്നിച്ചെത്തിയതുകൊണ്ടാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായതെന്നുമായിരുന്നു നേതാക്കളുടെ വിശദീകരണം.

അതിനിടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകും എന്ന സൂചന നല്‍കി ബിജപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ആഗസ്റ്റ് 15 ന് ശേഷം രാജ്യം തെരെഞ്ഞെടുപ്പ് ലഹരിയില്‍ ആയിരിക്കും എന്ന് ഷാ വാരണാസിയില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് വ്യക്തമാക്കി.

ഇതോടെ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പുകള്‍ക്ക് ഒപ്പം ലോക്‌സഭാ തെരെഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത ഏറി. തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ സജ്ജമാക്കാനും അമിത് ഷാ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ഷായുടെ പ്രസ്താവന ലോക്‌സഭാ തെരെഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകും എന്ന സൂചന ആണ് നല്‍കുന്നത് എന്ന് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ആഗസ്റ്റ് 15 ന് ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത സംസാരിക്കുമ്പോള്‍ ചില സുപ്രധാനമായ ജനപ്രീയ പദ്ധതികള്‍ പ്രഖ്യാപിക്കും എന്ന പ്രചാരണവും ശക്തമാണ്. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പിലേക്കു കടക്കാനാണ് സാധ്യത എന്നും അമിത് ഷായുടെ പ്രസംഗം അതാണ് ചൂണ്ടിക്കാണിക്കുന്നത് എന്നും വിലയിരുത്തപ്പെടുന്നു.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പ്കള്‍ നവംബറില്‍ നടക്കേണ്ടതുണ്ട്. ഈ സംസ്ഥാനങ്ങളില്‍ ചില തിരിച്ചടികള്‍ ബിജെപി പ്രതീക്ഷിക്കുന്നും ഉണ്ട്. അങ്ങനെ വന്നാല്‍ അത് ലോക്‌സഭാ തെരെഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ സാധ്യത ഉണ്ട്. എന്നാല്‍ ലോക്‌സഭാ തെരെഞ്ഞെടുപ്പ് നേരത്തെ നടത്തിയാല്‍ ഈ പ്രതിസന്ധി അതിജീവിക്കാന്‍ സാധിക്കും എന്ന പ്രതീക്ഷ ബിജെപി നേതൃത്വത്തിന് ഉണ്ട്.