ഇന്ത്യയിലെ ക്രിസ്ത്യാനികളെല്ലാം ബ്രിട്ടീഷുകാര്‍; അവര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് ബിജെപി എം.പി

single-img
6 July 2018

ഇന്ത്യയിലെ ക്രിസ്ത്യാനികളെല്ലാം ബ്രിട്ടീഷുകാരാണെന്നും അവര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നുമുള്ള വിവാദപരാമര്‍ശവുമായി ബിജെപി എം.പി ഗോപാല്‍ ഷെട്ടി. ഹിന്ദുക്കളും മുസ്‌ലിങ്ങളും മാത്രമാണ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

അവര്‍ ഹിന്ദുവോ മുസ്ലീമോ ആയിട്ടല്ല, ഹിന്ദുസ്ഥാനികള്‍ എന്ന നിലയില്‍ ഒന്നായാണ് സ്വതന്ത്ര്യത്തിനായി പോരാടിയത്. ഞായറാഴ്ച മലാഡിലെ മര്‍വാനിയില്‍ ഷിയ കബ്രസ്താന്‍ കമ്മിറ്റി സംഘടിപ്പിച്ച ഈദ് ഇ മിലാദ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗോപാല്‍ ഷെട്ടി.

പ്രസംഗത്തിന്റെ വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയില്‍ പ്രചരിച്ചിട്ടുണ്ട്. മുംബൈ നോര്‍ത്തില്‍നിന്നുള്ള ലോക്‌സഭാംഗമാണ് ഗോപാല്‍ ഷെട്ടി. പരാമര്‍ശം വിവാദമായതോടെ ഷെട്ടിയ്‌ക്കെതിരെ മുംബൈ കോണ്‍ഗ്രസ് രംഗത്തെത്തി. ഷെട്ടിക്ക് ചരിത്രത്തെ കുറിച്ച് ധാരണയില്ലെന്ന് വ്യക്തമാണ്. അല്ലെങ്കില്‍ മനഃപൂര്‍വം ഒരു സമുദായത്തിന്റെ അംഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും മുംബൈ കോണ്‍ഗ്രസ് ട്വിറ്ററില്‍ ആരോപിച്ചു.