‘കള്ളപ്പണം വെളുപ്പിക്കുന്നതിനായി ബിറ്റ്‌കോയിന്‍ ഉപയോഗിച്ചു; ബി.ജെ.പി നേതാക്കള്‍ നടത്തിയത് 5000 കോടിയുടെ ബിറ്റ്‌കോയിന്‍ അഴിമതി’

single-img
6 July 2018

ഗുജറാത്തില്‍ 5,000 കോടിയുടെ ബിറ്റ്‌കോയിന്‍ അഴിമതി നടന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കള്ളപ്പണം വെളുപ്പിക്കുന്നതിനായി ബി.ജെ.പി നേതാക്കള്‍ ബിറ്റ്‌കോയിന്‍ ഉപയോഗപ്പെടുത്തിയെന്നാണ് പാര്‍ട്ടി ആരോപിക്കുന്നത്. സംഭവത്തില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഗുജറാത്തിലെ ചില പ്രാദേശിക മാധ്യമങ്ങള്‍ 88000 കോടിയുടെ ഇടപാട് വരെ നടത്തിയെന്നും റിപ്പേര്‍ട്ട് ചെയ്യുന്നുണ്ട്. ഇടപാടുമായി ബന്ധപ്പെട്ട് ചില വ്യവസായികളെ ബി.ജെ.പി നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നും കോണ്‍ഗ്രസ് വക്താവ് ശക്തിസിന്‍ഹ് ഗോഹില്‍ ആരോപിച്ചു.

വിവിധ തലങ്ങളിലായി നടന്ന ബിറ്റ്‌കോയിന്‍ അഴിമതിയില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പങ്കുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇന്ത്യയില്‍ ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി നേരത്തെ ആര്‍.ബി.ഐ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിരവധി തവണ നിരോധനം നീക്കാന്‍ ആവശ്യങ്ങള്‍ ഉയര്‍ന്നിട്ടും ആര്‍.ബി.ഐ തയ്യാറായിരുന്നില്ല.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ മുന്‍ ഡയറക്ടറായിരുന്ന അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് അടക്കം ബിജെപി നിയന്ത്രിക്കുന്ന എല്ലാ സഹകരണ ബാങ്കുകളിലും നോട്ട് നിരോധനത്തിന് ശേഷം സഹസ്ര കോടികള്‍ നിക്ഷേപിക്കപ്പെട്ട വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് ബിജെപിയുടെ മറ്റൊരു അഴിമതി കഥ കൂടി വരുന്നത്.