രൂപത്തിലും ഭാവത്തിലും മന്‍മോഹന്‍സിംഗായി മാറി അനുപംഖേര്‍; ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ഉടന്‍ തീയേറ്ററുകളില്‍ എത്തും

single-img
6 July 2018

രൂപത്തിലും ഭാവത്തിലും ബോളിവുഡ് നടന്‍ അനുപംഖേര്‍ മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗായി മാറി. ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന വിവാദ പുസ്തകത്തിന്റെ സിനിമാ ഷൂട്ടിംഗ് ഏകദേശം അവസാന ഘട്ടത്തിലാണ്. ഡല്‍ഹിയില്‍ ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ഷൂട്ട്‌ചെയ്യാനെത്തിയ അനുപം ഖേറിന്റെ വിവിധ ഭാവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

അക്ഷയ്ഖന്നയുമൊത്തുള്ള അനുപം ഖേറിന്റെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ചിത്രീകരണത്തിനായി സഹകരിച്ച ഡല്‍ഹിയിലെ ജനങ്ങളോട് നന്ദിയും സ്‌നേഹവും കടപ്പാടും അറിയിച്ചുകൊണ്ടാണ് അനുപം ഖേര്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം അഭിനയ കുലപതി അക്ഷയ്ഖന്നയുമായുള്ള ഷൂട്ടിംഗ് സമയത്തെ അനുഭവങ്ങളും പങ്കുവയ്ക്കുന്നു.

മന്‍മോഹന്‍സിംഗിന്റെ എല്ലാ ഭാവങ്ങളും അതുപോലെ ഒപ്പിയെടുത്തിട്ടുള്ള ചിത്രങ്ങളാണ് അനുപം ഖേറിന്റേത്.മുന്‍ പ്രധാനമന്ത്രിയുടെ ഭാവങ്ങള്‍ അതുപോലെ ആവാഹിച്ചെടുക്കാന്‍ തന്നെ ഏറെ സഹായിച്ചതും മുഴുവന്‍ സമയവും തന്നോടൊപ്പം ഇതിനായി പരിശ്രമിച്ചതും അക്ഷയ്ഖന്നയാണെന്ന് അനുപം ഖേര്‍ പലയാവര്‍ത്തി പറയുന്നു.

തനിക്ക് ഇത് മറക്കാനാകാത്ത അനുഭവമാണെന്നും ഈ 63 കാരന്‍ പറയുന്നു. സിനിമ പുറത്തിറങ്ങുമ്പോള്‍ മന്‍മോഹന്‍സിംഗ് എന്ന കഥാപാത്രത്തെ വിജയിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും അക്ഷയ് ഖന്നയ്ക്ക് അവകാശപ്പെട്ടതാണെന്നും അനുപംഖേര്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവാണ് ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകം എഴുതിയത്. മന്മോഹന്‍സിംഗ് എന്ന സാമ്പത്തിക വിദഗ്ധന്റെ ജീവിതവും 2004 മുതല്‍ 2014 വരെ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു കാലഘട്ടത്തെക്കുറിച്ചും പ്രതിപാദിക്കുന്നതാണ് പുസ്തകം. പുസ്തകമിറങ്ങിയപ്പോള്‍ തന്നെ ഏറെ വിവാദമുണ്ടാക്കിയിരുന്നു.

സിനിമയില്‍ പുസ്തകം എഴുതിയ മാധ്യമഉപദേഷ്ടാവ് സഞ്ജയ് ബാരുവായാണ് അക്ഷയ് ഖന്ന വേഷമിടുന്നത്. രാഹുല്‍ഗാന്ധിയായി അര്‍ജുന്‍ മാത്തൂറും സഹോദരി പ്രിയങ്കാ ഗാന്ധിയായി അഹാനാ കുമ്രയും പ്രധാന കഥാപാത്രങ്ങള അവതരിപ്പിക്കുന്നു.

സൂസന്‍ബെര്‍ണെറ്റ് സോണിയാഗാന്ധിയുടെ വേഷത്തിലും സിനിമയില്‍ എത്തുന്നുണ്ട്. ഹന്‍സാല്‍ മേത്തയുടെ തിരക്കഥയില്‍ വിജയ് ഗട്ടെയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷം ഡിസംബര്‍ 21ന് ചിത്രം തീയേറ്ററുകളില്‍ എത്തും.