ട്രെയിനുകളിലെ ഭക്ഷണം പാകം ചെയ്യുന്നത് ഇനി ലൈവായി കാണാം

single-img
5 July 2018

ട്രെയിനുകളില്‍ ലഭിക്കുന്ന ഭക്ഷണം പാകം ചെയ്യുന്നത് ഇനി എല്ലാവര്‍ക്കും തത്സമയം കാണാം. പുതുതായി നടപ്പിലാക്കിയ ലൈവ് സ്ട്രീമിങ് സംവിധാനം റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വാനി ലോഹാനി ഉദ്ഘാടനം ചെയ്തു. പുതിയ സംവിധാനത്തിലൂടെ റെയില്‍വേ ഭക്ഷണത്തിന്റെ ഗുണമേന്മയെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ വിശ്വാസവും സുതാര്യതയും വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ട്രെയിനുകളില്‍ ലഭിക്കുന്ന ഭക്ഷണത്തെ സംബന്ധിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് റെയില്‍വേ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. തത്സമയ സംപ്രേക്ഷണത്തിലൂടെ ഭക്ഷണം പാകം ചെയ്യുന്നതിനെ സംബന്ധിച്ചുള്ള ആശങ്കകള്‍ക്കും പരാതികള്‍ക്കും ഒരുപരിധി വരെ പരിഹാരമാകുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.

ഐ.ആര്‍.സി.ടി.സിയുടെ മേല്‍നോട്ടത്തിലുള്ള വിവിധ പാചകപ്പുരകളില്‍ നിന്നാണ് ലൈവ് സ്ട്രീമിങ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റിലെ പ്രത്യേക ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഭക്ഷണം പാകം ചെയ്യുന്നതിന്റെ തത്സമയ ദൃശ്യങ്ങള്‍ ലഭിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഐ.ആര്‍.സി.ടി.സിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പാചകപ്പുരകളില്‍ നിന്നുള്ള ദൃശ്യങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.