ശശി തരൂരിന് ഇടക്കാല ജാമ്യം; രാജ്യം വിടരുതെന്ന് കോടതി

single-img
5 July 2018

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് എം.പി ശശി തരൂരിന് മുന്‍കൂര്‍ ജാമ്യം. ഡല്‍ഹി പാട്യാല കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് കോടതി ജാമ്യം അനുവദിച്ചത്. രാജ്യം വിട്ടുപോകരുതെന്നും രാജ്യത്തിന് പുറത്ത് പോകണമെങ്കില്‍ മുന്‍കൂര്‍ അനുമതി തേടണമെന്നും കോടതി അറിയിച്ചു.

അതേസമയം, ജാമ്യാപേക്ഷയെ ഡല്‍ഹി പൊലീസ് എതിര്‍ത്തു. ഉന്നതങ്ങളില്‍ സ്വാധീനമുള്ള ശശി തരൂരിനു ജാമ്യം നല്‍കിയാല്‍ രാജ്യംവിട്ടുപോകാനുള്ള സാധ്യതയുണ്ടെന്നായിരുന്നു സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ വാദിച്ചത്. വിദേശത്തേക്ക് ഉള്‍പ്പെടെ നിരന്തരം യാത്രചെയ്യുന്ന ശശി തരൂര്‍ ഈ പഴുതുപയോഗിച്ചു രാജ്യം വിട്ടേക്കാം.

ചില പ്രധാന സാക്ഷികള്‍ ഇപ്പോഴും തരൂരിനൊപ്പമാണു ജോലിചെയ്യുന്നതെന്നും ഇവരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. എന്നാല്‍, മുന്‍പു പറഞ്ഞതിനു വിരുദ്ധമായാണു പൊലീസ് ഇപ്പോള്‍ വാദിക്കുന്നതെന്നു ശശി തരൂരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും അഭിഷേക് മനു സിങ്‌വിയും ചൂണ്ടിക്കാട്ടി.

അദ്ദേഹം അന്വേഷണവുമായി സഹകരിച്ചതുകൊണ്ടാണ് അറസ്റ്റ് ചെയ്യാതിരുന്നതെന്നു കുറ്റപത്രത്തില്‍ പൊലീസ് വ്യക്തമാക്കിയിട്ടുണ്ടെന്നും ബോധിപ്പിച്ചു. തരൂരിനെതിരെ ആത്മഹത്യാ പ്രേരണ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. ഏഴിനു തരൂര്‍ നേരിട്ടു ഹാജരാകണമെന്ന് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.