വിദ്യാര്‍ഥികളുടെ ഉള്‍വസ്ത്രത്തിന്റെ നിറവും പാവാടയുടെ ഇറക്കവും നിശ്ചയിച്ച് സ്‌കൂള്‍ അധികൃതര്‍; സ്‌കൂളിനെതിരെ പ്രതിഷേധം ശക്തം

single-img
5 July 2018

ന്യൂഡല്‍ഹി: വിദ്യാര്‍ഥികളുടെ ഉള്‍വസ്ത്രത്തിന്റെ നിറവും പാവാടയുടെ ഇറക്കവും നിശ്ചയിച്ചു മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച സ്‌കൂളിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പുണെയിലെ മായീര്‍ എംഐടി സ്‌കൂളിലാണു സംഭവം. വസ്ത്രത്തിന്റെ നിറത്തിനുപുറമെ ശുചിമുറി ഉപയോഗത്തിനു നിശ്ചിത സമയവും നിശ്ചയിച്ചിട്ടുണ്ട്.

വെള്ളനിറത്തിലോ ചര്‍മത്തിന്റെ നിറത്തിലോ മാത്രമുള്ള ഉള്‍വസ്ത്രങ്ങള്‍ ഉപയോഗിക്കാനാണു നിര്‍ദേശം. ഇവ കുട്ടികളുടെ സ്‌കൂള്‍ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു താഴെ ഒപ്പിട്ടു നല്‍കാന്‍ മാതാപിതാക്കളോടു നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇവ പാലിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്നും അധികൃതര്‍ നിലപാടെടുക്കുന്നു.

എന്നാല്‍ ഇതിനെതിരെ മാതാപിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. എന്നിട്ടും ഉത്തരവു പിന്‍വലിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. മുന്‍പുണ്ടായ ചില അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നും അല്ലാതെ മറ്റൊരു അജന്‍ഡയുമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.