മരണത്തിന് ഉത്തരവാദി സിപിഎം കൗണ്‍സിലര്‍: ദമ്പതിമാരുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

single-img
5 July 2018

ചങ്ങനാശ്ശേരിയില്‍ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ച ദമ്പതിമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. രേഷ്മ എഴുതിയെന്നു കരുതുന്ന കുറിപ്പാണ് കണ്ടെത്തിയിട്ടുള്ളത്.

‘‘ഞങ്ങളുടെ മുന്നിൽ ആത്മഹത്യയല്ലാതെ മറ്റു മാർഗങ്ങളൊന്നുമില്ല. ഞങ്ങളുടെ മരണത്തിന് ഉത്തരവാദി അഡ്വ. സജികുമാറാണ്. സുനിയേട്ടൻ സജിയുടെ വീട്ടിൽ ജോലിചെയ്യാൻ തുടങ്ങിയിട്ട് 12 വർഷത്തോളമായി. 600 ഗ്രാം സ്വർണം കാണാനില്ലെന്നു പറഞ്ഞാണ് സജികുമാർ പരാതി കൊടുത്തത്. 100 ഗ്രാമോളം പലപ്പോഴായി സുനി ചേട്ടൻ എടുത്തിട്ടുണ്ട്. ബാക്കിയുള്ളത് സജികുമാർ വീടുപണിക്കായി പലപ്പോഴായി വിറ്റു. എന്നിട്ട് മുഴുവൻ ഉത്തരവാദിത്തവും ഞങ്ങളുടെ തലയിൽ കെട്ടിവെച്ച് പൊലീസിൽ പരാതി നൽകി.

എട്ടു ലക്ഷം രൂപ ബുധനാഴ്ച വൈകിട്ട് തിരിച്ചു നൽകാമെന്ന് മർദിച്ച് സമ്മതിപ്പിച്ച് എഴുതിവയ്പിച്ചു. ഞങ്ങൾക്ക് കൊടുക്കാൻ ഒരു മാർഗവുമില്ല. എന്റെ താലിമാലയും കമ്മലും വിറ്റിട്ടാണ് വാടക വീട് എടുത്തത്. അതുകൊണ്ട് ഞങ്ങൾ മരിക്കുന്നു. ഞങ്ങൾ മരിക്കാൻ തീരുമാനിച്ചു.’’ – രേഷ്മയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

പോലീസ് മര്‍ദിച്ചതിലെ മനോവിഷമത്താലാണ് സുനിലും രേഷ്മയും ആത്മഹത്യ ചെയ്തതെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവം വിവാദമായതിനുപിന്നാലെ ചങ്ങനാശ്ശേരി എസ്.ഐ. ഷെമീര്‍ഖാനെ സ്ഥലംമാറ്റി. ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡിവൈ.എസ്.പി. പ്രകാശന്‍ ടി. പടന്നയിലിന് അന്വേഷണച്ചുമതല നല്‍കി.

സ്വര്‍ണപ്പണിക്കാരനായിരുന്ന സുനില്‍, ഹിദായത്ത് നഗറിലുള്ള നഗരസഭാംഗം ഇ.എ.സജികുമാറിന്റെ വീട്ടില്‍ കഴിഞ്ഞ പന്ത്രണ്ടുവര്‍ഷമായി സ്വര്‍ണപ്പണി ചെയ്യുകയായിരുന്നു. സുനിലിനോടൊപ്പം രാജേഷും ചേര്‍ന്നാണ് സ്വര്‍ണപ്പണി ചെയ്തിരുന്നത്.

കഴിഞ്ഞ ദിവസം കണക്ക് നോക്കിയപ്പോള്‍ നല്‍കിയ സ്വര്‍ണത്തില്‍ 400 ഗ്രാമിന്റെ കുറവുണ്ടെന്ന് കണ്ടെത്തിയെന്നും ഇതേ തുടര്‍ന്ന് സജികുമാര്‍ സുനില്‍കുമാറിനെതിരേ പരാതി നല്‍കിയിരുന്നെന്നും ചങ്ങനാശ്ശേരി പോലീസ് പറഞ്ഞു. സജികുമാറിന്റെ പരാതിയെ തുടര്‍ന്നാണ് സുനിലിനെ ചോദ്യംചെയ്യാന്‍ തിങ്കളാഴ്ച വിളിപ്പിച്ചത്. സുനിലിനൊപ്പം രേഷ്മയും സ്റ്റേഷനിലെത്തിയിരുന്നു. രാത്രി ഒമ്പതിനാണ് ഇവരെയും വിട്ടയച്ചത്.

ബുധനാഴ്ച വൈകുന്നേരം നാലിനു മുമ്പ് എട്ട് ലക്ഷം രൂപ സജികുമാറിന് കൈമാറണമെന്ന് പറഞ്ഞുെവന്നും ഇത് നല്‍കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നും സുനില്‍ ഫോണില്‍ വിളിച്ച് അറിയിച്ചതായി ജ്യേഷ്ഠന്‍ അനില്‍ പറഞ്ഞു.
തുടര്‍ന്ന് അരകിലോമീറ്റര്‍ ദൂരെയുള്ള ഇവരുടെ താമസസ്ഥലത്തേക്ക് അനില്‍ ഓടിയെത്തി.

കതക് തള്ളിത്തുറന്ന് അകത്ത് കയറിയപ്പോള്‍ ഇരുവരും കട്ടിലില്‍ കിടക്കുന്ന നിലയില്‍ കാണുകയായിരുന്നു. സുനിലിന് ഈ സമയം ബോധമുണ്ടായിരുന്നു. മുറിയുടെ തറയില്‍ രണ്ട് ഗ്‌ളാസുകളിലായി ലായനി കലക്കിവെച്ച നിലയിലും കണ്ടിരുന്നു.

സഹോദരന്‍ അനില്‍ ഉടന്‍തന്നെ വാകത്താനം പോലീസില്‍ വിവരം അറിയിച്ചു. വാകത്താനം എസ്.ഐ. അഭിലാഷിന്റെ നേതൃത്വത്തില്‍ പോലീസ് വീട്ടിലെത്തി ഇരുവരെയും ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചതായി പോലീസ് പറഞ്ഞു.