മമ്മൂട്ടി അന്ന് വാണി വിശ്വനാഥിനോട് പറഞ്ഞ ഡയലോഗുകളില്‍ എനിക്കിന്ന് ഖേദമുണ്ട്’; രഞ്ജി പണിക്കര്‍

single-img
5 July 2018

സ്ത്രീവിരുദ്ധ സംഭാഷണങ്ങളില്‍ പശ്ചാത്താപമുണ്ടെന്ന് രഞ്ജി പണിക്കര്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രണ്‍ജി പണിക്കരുടെ തുറന്നുപറച്ചില്‍. നീ വെറും പെണ്ണാണ് എന്നൊക്കെ പല സിനിമകള്‍ക്കായും സംഭാഷണങ്ങള്‍ എഴുതേണ്ടി വന്നിട്ടുണ്ട്.

സിനിമയ്ക്കായിട്ടാണ് അന്ന് അതൊക്കെ എഴുതിയത്. കിങിലെ മമ്മൂട്ടിയുടെ ഡയലോഗ് എഴുതുമ്പോള്‍ കയ്യടി മാത്രമായിരുന്നു മനസ്സില്‍. ഇപ്പോള്‍ അതിലെനിക്ക് പശ്ചാത്താപമുണ്ട്. ഇന്ന് സംഭാഷണമെഴുതുകയാണെങ്കില്‍ ഇത്തരത്തിലുള്ള ഭാഷ ഉപയോഗിക്കില്ലെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.

‘ഒരു കാലത്ത് കണ്ട് കൈയടിച്ചവരെപ്പോലും ഞാന്‍ എഴുതിയ സിനിമകള്‍ ഇപ്പോള്‍അലോസരപ്പെടുത്തുന്നുണ്ട്. ആള്‍ക്കൂട്ടത്തിലിരുന്ന് എന്റെ സിനിമ കാണുന്ന ഒരു സ്ത്രീയ്ക്ക് ആ സിനിമകളിലെ സംഭാഷണങ്ങള്‍ അവഹേളനപരമായി തോന്നുന്നുവെങ്കില്‍, അത് എന്റെ ഭാഗത്തുനിന്നുള്ള തെറ്റാണെന്ന് തുറന്ന് സമ്മതിക്കുന്നു.

പക്ഷേ അത്തരത്തില്‍ ഒരു വിഭാഗത്തെയും അവഹേളിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് മാത്രം പറയട്ടെ.’ ദി കിംഗിലെ മമ്മൂട്ടിയുടെ നായകകഥാപാത്രമായ ജോസഫ് അലക്‌സിന്റേതുപോലെ പില്‍ക്കാലത്ത് മലയാളസിനിമയിലെ സ്ത്രീവിരുദ്ധതയുടെ അടയാളങ്ങളായി പുനര്‍വായന ചെയ്യപ്പെട്ട സംഭാഷണങ്ങളൊന്നും താന്‍ ബോധപൂര്‍വ്വം ചെയ്തതല്ലെന്നും രണ്‍ജി പണിക്കര്‍ പറയുന്നു.

ചെമ്മാന്‍, ചെരുപ്പുകുത്തി, അണ്ടന്‍, അടകോടന്‍ തുടങ്ങിയ വാക്കുകളൊക്കെ സിനിമകളില്‍ കടന്നുവന്നിട്ടുണ്ട്. അത് ആളുകളെ വേദനിപ്പിക്കും എന്ന് പിന്നീടാണ് മനസിലായത്. പിന്നെ അത്തരം വാക്കുകള്‍ ഉപയോഗിച്ചിട്ടില്ല. സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗ, ജാതി വേര്‍തിരിവിലൊന്നും വിശ്വസിക്കുന്നയാളല്ല താനെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.