മലയാള സിനിമയില്‍ പുതുതലമുറക്കാരുടെ നേതൃത്വത്തില്‍ സമാന്തര കൂട്ടായ്മയ്ക്ക് കളമൊരുങ്ങുന്നു

single-img
5 July 2018

ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതിന് പിന്നാലെ സംഘടനയിലും സിനിമാ മേഖലയിലും ആരംഭിച്ച വിവാദം പുതിയ തലത്തിലേക്ക്. ഇതിന്റെ ഭാഗമായി മലയാള സിനിമയിലെ പുതുതലമുറക്കാരുടെ നേതൃത്വത്തില്‍ സമാന്തര കൂട്ടായ്മ രൂപീകരിക്കാന്‍ ശ്രമം ആരംഭിച്ചതായാണ് സൂചന.

അമ്മ വിവാദത്തില്‍ വിമന്‍ ഇന്‍ സിനിമ കലക്ടീവിനു സമൂഹത്തിന്റെ വിവിധ കോണുകളില്‍നിന്നു ലഭിച്ച പിന്തുണയാണ് ഇതിനായുള്ള പ്രവര്‍ത്തനത്തിനു ശക്തി പകരുന്നത്. ആഷിഖ് അബുവും ഫെഫ്കയും തുടരുന്ന വാക്‌പോരിനെച്ചൊല്ലി ന്യൂജനറേഷന്‍ സംവിധായകര്‍ക്കിടയില്‍ ഫെഫ്ക നേതൃത്വത്തിനെതിരെയുള്ള അമര്‍ഷം പുതിയ സംഘടനയ്ക്കു ഗുണകരമാവുമെന്ന് പിന്നിലുള്ളവര്‍ കരുതുന്നു.

ദീലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധമുള്ള യുവതാരങ്ങളും പുതിയ സംഘടനയുടെ ഭാഗമാകുമെന്നാണ് സൂചന. കൂടാതെ രാജീവ് രവിയുടെ നേതൃത്വത്തിലുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മ അമ്മയ്‌ക്കെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു. ഇവരും സംഘടനയുടെ ഭാഗമായേക്കും. അതിനിടെ അമ്മയില്‍ ഉയര്‍ന്ന് വന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സംഘടന പ്രത്യേക നിര്‍വാഹക സമിതി യോഗം വിളിച്ചിട്ടുണ്ട്.