അഭിമന്യു വധം: പ്രധാന പ്രതികള്‍ പിടിയില്‍; പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ നീക്കം; കൈവെട്ടു കേസിലും അന്വേഷണം

single-img
5 July 2018

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റില്‍. സംഭവത്തില്‍ നേരിട്ട് പങ്കുള്ളവരും പ്രതികളെ സഹായിച്ചവരുമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. അഭിമന്യുവിനെ കുത്തിയത് സംഘത്തിലുള്ള മുഹമ്മദ് ആണെന്നാണ് പോലീസ് നിഗമനം.

മൊഴികള്‍ പരിശോധിച്ചതില്‍ നിന്നുമാണ് പോലീസ് ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. കേസില്‍ മുഹമ്മദ് എന്ന് പേരുള്ള രണ്ടു പേരുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇതില്‍ ഒരാള്‍ മഹാരാജാസ് കോളേജ്‌വിദ്യാര്‍ഥിയാണ്. സംഭവദിവസം 12 പേരുടെ സാന്നിധ്യം മഹാരാജാസ് കോളജ് പരിസരത്തുണ്ടായിരുന്നതായി സമീപത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്.

കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ പങ്കാളികളാണ്. മഹാരാജാസ് കോളജ് വിദ്യാര്‍ഥികളായ അറസ്റ്റിലായ പ്രതി ഫറൂക്ക്, ഒളിവില്‍പോയ ബിഎ അറബിക്ക് അവസാന വര്‍ഷ വിദ്യാര്‍ഥി എ.ഐ. മുഹമ്മദ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു.

പുറത്തുനിന്നുള്ള പ്രതികളെ ക്യാംപസിലേക്കു നയിച്ചുകൊണ്ടുവന്നതു മുഹമ്മദാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. കൊലയാളി ഉപയോഗിച്ച ആയുധം പുറത്തുനിന്നു കൊണ്ടുവന്നതാണ്. ക്യാംപസിനുള്ളിലും ഇവര്‍ ആയുധം ശേഖരിച്ചിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.

അതേസമയം പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ നീക്കം. ഇതുസംബന്ധിച്ചു നിയമോപദേശം തേടുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. അതിനിടെ, തൊടുപുഴ ന്യൂമാന്‍ കോളജ് മലയാളം അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിലെ പ്രതികള്‍ക്ക് അഭിമന്യു വധവുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. എന്‍ഐഎ ആണ് ഇതുസംബന്ധിച്ച അന്വേഷണം നടത്തുക.

ടി.ജെ. ജോസഫിന്റെ കൈ വെട്ടിയതിന്റെ എട്ടാം വാര്‍ഷികമായിരുന്നു ജൂലൈ നാല്. ഈ കേസില്‍ പുറത്തിറങ്ങിയ പ്രതികള്‍ ജാമ്യ വ്യവസ്ഥ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കും. കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നായി 138 പേരെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട് സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരാണിവര്‍.