കര്‍ണാടകയില്‍ 34,000 കോടിയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളി: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിച്ച് വമ്പന്‍ പ്രഖ്യാപനവുമായി കുമാരസ്വാമി സര്‍ക്കാരിന്റെ കന്നി ബജറ്റ്

single-img
5 July 2018

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അവതരിപ്പിച്ചു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിച്ചുകൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചത്. 34,000 കോടി രൂപയുടെ കാര്‍ഷിക കടങ്ങളാണ് ആദ്യ ബജറ്റില്‍ എഴുതിത്തള്ളിയത്.

2017 ഡിസംബര്‍ 31 വരെയുള്ള കര്‍ഷകരുടെ രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകളാണ് എഴുതിത്തള്ളിയത്. ഓരോ കുടുംബത്തിനും രണ്ട് ലക്ഷം രൂപയുടെ കടാശ്വാസം ലഭിക്കും. സര്‍ക്കാരിനുണ്ടാകുന്ന അധിക ബാധ്യത മറികടക്കാന്‍ ഇന്ധന തീരുവ വര്‍ധിപ്പിച്ചതോടെ സംസ്ഥാനത്ത് പെട്രോളിന് ഒരു രൂപ പതിനാല് പൈസയും, ഡീസലിന് ഒരു രൂപ പന്ത്രണ്ട് പൈസയും കൂടും.

വൈദ്യുതി, എക്‌സൈസ്, നികുതികളും വര്‍ധിപ്പിച്ചിട്ടുണ്ട്. നഗരങ്ങളിലെ ജലവിതരണത്തിനും മാലിന്യ സംസ്‌കരണത്തിനും ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. മദ്യത്തിന്റെ എക്‌സൈസ് തീരുവ നാല് ശതമാനം കൂട്ടി, വൈദ്യുതി നിരക്കില്‍ യൂണിറ്റിന് ഇരുപത് പൈസ വര്‍ധിക്കും.

റോഡ് നികുതി അന്‍പത് ശതമാനം ഉയര്‍ത്തി. സംസ്ഥാനത്ത് എണ്‍പത് പുതിയ ഇലക്ട്രിക് ബസുകള്‍കൂടി നിരത്തിലിറക്കും, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ചാര്‍ജിങ് കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍, നാല് കോടി അനുവദിച്ചു. ബെലന്ദൂര്‍ തടാക നവീകരണത്തിന് അന്‍പത് കോടി, സര്‍ക്കാര്‍ സ്‌കൂളുകള്‍ നവീകരിക്കാന്‍ നൂറ്റിയന്‍പത് കോടി, നിലവിലുള്ള ഇന്ദിരാ കാന്റീനുകള്‍ നിലനിര്‍ത്തും, സംസ്ഥാനത്ത് പലയിടങ്ങളിലായി ഇരുനൂറ്റിനാല്‍പത്തിയാറ് കാന്റീനുകള്‍ കൂടി ആരംഭിക്കും.

കുടിവെള്ള വിതരണത്തിനും മാലിന്യ സംസ്‌കരണത്തിനുമുള്ള പദ്ധതികള്‍ക്കായി നാലായിരത്തി തൊള്ളായിരത്തി അന്‍പത്തിയേഴ് കോടി പ്രഖ്യാപിച്ചു. ബെംഗളൂരുവിലേയ്ക്കുള്ള ജലവിതരണത്തിനായി കാവേരി നദിയിലെ മേക്കെദാട്ടുവില്‍ പുതിയ അണക്കട്ടും നിര്‍മിക്കും.