ഗവാസ്‌കറെ മര്‍ദ്ദിച്ച കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപിയുടെ മകള്‍ ഹൈക്കോടതിയില്‍

single-img
5 July 2018

കൊച്ചി: പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച കേസില്‍ തനിക്കെതിരായി രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ദ്ധ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസിലെ തുടര്‍നടപടികള്‍ അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നും സ്‌നിഗ്ദ്ധ കോടതിയില്‍ ആവശ്യപ്പെട്ടു.

സ്‌നിഗ്ധയുടെ ഹര്‍ജി ഹൈക്കോടിതി ഇന്ന് തന്നെ പരിഗണിക്കും. ഉച്ചയ്ക്കുശേഷമാണ് ഹര്‍ജി പരിഗണിക്കുന്നത്. ജൂണ്‍ 14നാണ് സ്‌നിഗ്ധ മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗവാസ്‌കര്‍ പോലീസില്‍ പരാതി നല്‍കിയത്. കനകക്കുന്നില്‍ പ്രഭാത നടത്തത്തിനായി എഡിജിപിയുടെ ഭാര്യയെയും സ്‌നിഗ്ധയെയും കൊണ്ടു പോയിരുന്നുവെന്നും അവിടെവച്ച് സ്‌നിഗ്ധ മര്‍ദിച്ചുവെന്നുമാണ് ഗവാസ്‌കറുടെ പരാതി.

ഗവാസ്‌കറോട് പിതാവ് ജോലിക്കു വരരുതെന്ന് ജൂണ്‍ 13ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ജൂണ്‍ 14ന് ഗവാസ്‌കര്‍ ഔദ്യോഗിക വാഹനവുമായി ജോലിക്കെത്തിയെന്നും തിരികെ ഓഫീലേക്കു പോകുന്ന വഴി തന്നെയും അമ്മയേയും കനകക്കുന്നില്‍ വിടാന്‍ പിതാവ് നിര്‍ദേശിച്ചിരുന്നു.

തങ്ങളെ കനകക്കുന്നില്‍ ഇറക്കിയശേഷം ഗവാസ്‌കര്‍ മടങ്ങി പോയില്ലെന്നും തന്റെ കാലിലൂടെ പിതാവിന്റെ ഔദ്യോഗിക കാര്‍ കയറ്റിയിറക്കിയെന്നും കൈയില്‍ കയറിപ്പിടിച്ചെന്നും അപമാനിച്ചെന്നും സ്‌നിഗ്ധ ഹര്‍ജിയില്‍ പറയുന്നു. കേസില്‍ സ്‌നിഗ്ദ്ധയെ അറസ്റ്റ് ചെയ്യാന്‍ തക്ക തെളിവുകള്‍ കിട്ടിയിട്ടില്ലെന്ന് നേരത്തെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മര്‍ദ്ദനമുണ്ടായ കനകക്കുന്നില്‍ സി.സി ടിവി ഇല്ല. സാക്ഷികളുമില്ല. ഈ സാഹചര്യത്തില്‍ സാഹചര്യ, ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചിരുന്നു.