വിവാദങ്ങള്‍ക്കിടെ അഭിമന്യുവിന്റെ കുഴിമാടത്തിനരികെ ചിന്ത ജെറോം എത്തി; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

single-img
5 July 2018

എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്ന അഭിമന്യുവിന്റെ കുഴിമാടത്തിനരികെ നില്‍ക്കുന്ന സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം. ‘താങ്കളുടെ രാഷ്ട്രീയപരമായ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജീ പൊളിച്ചിട്ടുണ്ട്..’ എന്നാണ് ചിത്രത്തിനെതിരെ സോഷ്യല്‍ ലോകത്ത് ഉയരുന്ന വിമര്‍ശനം.

അഭിമന്യുവിന്റെ വീട് സന്ദര്‍ശിക്കുകയും വീട്ടുകാരെ ആശ്വസിപ്പിക്കുകയും ചെയ്യുന്ന ചിത്രങ്ങളും ചിന്ത ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഈ പോസ്റ്റിന് താഴെയും രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് ചിന്ത എഴുതിയ രണ്ട് പോസ്റ്റിലും എസ്ഡിപിഐയുടെ പേരില്ല എന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

അഭിമന്യുവിന്റെ കൊലപാതകത്തെ അപലപിച്ച് ചിന്ത ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ആദ്യ പോസ്റ്റാണ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന കേരളത്തിലെ കലാലയങ്ങളില്‍ ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ചെറുക്കപ്പെടേണ്ടതാണെന്നായിരുന്നു ചിന്ത ആദ്യം കുറിച്ചത്.

അതിനിടെ ചിന്ത ജെറോമിന് മറുപടിയുമായി സൈമണ്‍ ബ്രിട്ടോയുടെ ഭാര്യയും മുന്‍ എസ്.എഫ്.ഐ നേതാവുമായ സീന ഭാസ്‌കര്‍ രംഗത്തെത്തി. അധികാരം മനുഷ്യനെ മദി ചിത്തനാക്കും സ്വന്തം സഖാവ് പിടഞ്ഞ് വീണ് നിശ്ചലനാകുമ്പോള്‍ ഒറ്റപ്പെട്ട സംഭവത്തിലെ ഒരു സഹോദരനാകും. കാരണം അവര്‍ ചവിട്ടിക്കയറാനുള്ള പടവുകള്‍ തീര്‍ക്കുന്ന തിരക്കിലാണെന്നും സീന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സീനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

അധികാരം മനുഷ്യനെ മദി ചിത്തനാക്കും. സ്വന്തം സഖാവ് പിടഞ്ഞ് വീണ് നിശ്ചലനാവുമ്പോള്‍ ഒറ്റപ്പെട്ട സംഭവത്തിലെ ഒരു സഹോദരനാകും…

കാരണം അവര്‍ ചവിട്ടിക്കായറാനുള്ള പടവുകള്‍ തീര്‍ക്കുന്ന തിരക്കിലാണ്…

രക്തസാക്ഷികളും സഖാക്കളും ‘ ഉയരുപതാ കെ പാറുപതാകെ വാനിലുയര്‍ന്ന് പാറുപതാകെ ‘ എന്ന് ചങ്കു പൊട്ടി വിളിക്കുമ്‌ബോള്‍ ഇവര്‍ സ്വപ്ന ലോകത്തിലേയ്ക്ക് മറഞ്ഞ് സ്വന്തം ഉയര്‍ച്ച…
ഉയരും ഞാന്‍…. പടരും ഞാന്‍ നാടാകെ…

പക്ഷേ ഈ പടര്‍ച്ച ഒരു അര്‍ബുദമാണെന്ന തിരിച്ചറിവ് കൂടെയുള്ളവര്‍ക്കുണ്ട്… ഇവരെ ഉയര്‍ത്തിയവര്‍ക്ക് തിരിച്ചറിയാനാവും…

സമൂഹത്തെ കടന്നു പിടിച്ചിരിക്കുന്ന അര്‍ബുദങ്ങളെ ഭേദമാക്കാന്‍ സമയമതിക്രമിച്ചിരിയ്ക്കുന്നു…

‘ Come and see blood on the tSreet ‘ എന്ന് പാടിയ നെരൂദയ്ക്ക് ചിന്ത ഭാഷയില്‍ ഇപ്പോള്‍ ഭ്രാന്താണൊ???

ശ്രീമതി. ചിന്താ ജറോമിനും, സിന്ധു ജോയിക്കും നമോവാകം…

സൈമണ്‍ ബ്രിട്ടോയുടെ കുടുംബവുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട അഭിമന്യു. സൈമണ്‍ ബ്രിട്ടോയെ എഴുത്തില്‍ സഹായിച്ചിരുന്നത് അഭിമന്യുവായിരുന്നു.

ചിന്ത ജെറോമിന്റെ വിവാദമായ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സൗഹൃദങ്ങള്‍ പൂക്കുന്ന കലാലയ പരിസരങ്ങളില്‍ ഒരു വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകന്റെ ജീവരക്തം വീഴുന്നത് ഏറെ വേദനാജനകമാണ്. ആയുധങ്ങളുടേതല്ല ആശയങ്ങളുടെ പോരാട്ടമാണ് കലാലയങ്ങളില്‍ ഉണ്ടാകേണ്ടത്. പൊതുവില്‍ കേരളത്തിലെ ക്യാമ്പസുകളില്‍ സമാധാനാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ചെറുക്കപ്പെടേണ്ടതാണ്.

പ്രിയപ്പെട്ട സഹോദരാ……
ഹൃദയം നീറുന്നു……