പരസ്പരം കലഹിക്കുന്ന യാദവകുലം പോലെയാണ് ഇപ്പോള്‍ കോണ്‍ഗ്രസെന്ന് എ.കെ. ആന്റണി

single-img
5 July 2018

പരസ്പരം കലഹിക്കുന്ന യാദവ കുലം പോലെയാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് എ.കെ ആന്റണി. നേതാക്കളുടെ പരസ്യ പ്രസ്താവനാ യുദ്ധം പാര്‍ട്ടിയെ തകര്‍ക്കുകയാണ്. കോണ്‍ഗ്രസിന്റെ ശത്രുക്കള്‍ കോണ്‍ഗ്രസുകാര്‍ തന്നെയാണ്. 67ലേതിനേക്കാള്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ കടന്നു പോകുന്നതെന്നും എ.കെ ആന്റണി പറഞ്ഞു. തിരുവനന്തപുരത്ത് ലീഡര്‍ ജന്മശതാബ്ദി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നിന്നും പാര്‍ട്ടി പഠിക്കമെന്നും അല്ലെങ്കില്‍ കോണ്‍ഗ്രസിനെ തകര്‍ത്തത് ഇന്നത്തെ നേതാക്കളാണെന്ന് അടുത്ത തലമുറ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. കരുണാകരനുണ്ടായിരുന്നെങ്കില്‍ ചെങ്ങന്നൂരിലെ തന്ത്രങ്ങള്‍ക്ക് മറുതന്ത്രം മെനഞ്ഞേനേ.

ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനും വിശ്വാസമുണ്ടായിരുന്ന നേതാവായിരുന്നു കരുണാകരന്‍. അങ്ങനെയെങ്കില്‍ ബി.ജെ.പിക്ക് സ്വീകാര്യത ലഭിക്കില്ലായിരുന്നെന്നും ആന്റണി പറഞ്ഞു. ”ഇന്ന് നേതാക്കള്‍ പരസ്യമായി പോരടിച്ച് പാര്‍ട്ടിയെ ജനങ്ങള്‍ക്കിടയില്‍ അപഹാസ്യമാക്കുകയാണ്.

ചാനലില്‍ വച്ച് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ലക്ഷ്മണ രേഖ വരക്കണം. പ്രധാന തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് പാര്‍ട്ടി വേദികളിലാണ്. വിശദമായ ചര്‍ച്ച പാര്‍ട്ടി യോഗങ്ങളില്‍ നടക്കണം. നേതാക്കള്‍ യോഗത്തില്‍ പൂര്‍ണമായി പങ്കെടുക്കണം. കെ കരുണാകരന്‍ പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് ഇടക്ക് ഇറങ്ങി പോകാറില്ല എന്നും ആന്റണി വ്യക്തമാക്കി.
.