എഡിജിപിയുടെ മകള്‍ക്ക് പ്രത്യക പരിഗണന നല്‍കാനാവില്ല; അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി തള്ളി

single-img
5 July 2018

കൊച്ചി: പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ക്ക് തിരിച്ചടി. എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി. രാജ്യത്തെ ഏത് പൗരനും തുല്യമാണ് എഡിജിപിയുടെ മകളുമെന്നും ഹൈക്കോടതി പറഞ്ഞു. എഡിജിപിയുടെ മകള്‍ എന്തിനാണ് അറസ്റ്റിനെ ഭയപ്പെടുന്നതെന്ന് കോടതി ചോദിച്ചു.

അറസ്റ്റ് തടയണമെന്ന ആവശ്യത്തെ സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു. ഇത് പരിഗണിച്ചാണ് അറസ്റ്റ് തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കിയത്. വാഹനത്തില്‍ നിന്ന് ഇറങ്ങി വന്നാണ് സ്‌നിഗ്ധ ഗവാസ്‌കറെ മര്‍ദിച്ചതെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

കോടതിയുടെ ഭാഗത്തുനിന്ന് സംരക്ഷണം വേണ്ടയാളല്ല എഡിജിപിയുടെ മകളെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന സ്‌നിഗ്ധയുടെ ആവശ്യം ഈ മാസം 12 ന് കോടതി പരിഗണിക്കും. എഡിജിപിയുടെ മകള്‍ തന്നെ ഔദ്യോഗിക വാഹനത്തില്‍വച്ച് മര്‍ദിച്ചെന്ന് കാട്ടിയാണ് ഗവാസ്‌കര്‍ പരാതി നല്‍കിയിരിക്കുന്നത്.

ഗവാസ്‌കറിന് മര്‍ദനമേറ്റെന്ന് മെഡിക്കല്‍ പരിശോധനയിലും തെളിഞ്ഞിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ കൊണ്ടുള്ള മര്‍ദനത്തില്‍ കഴുത്തിലെ കശേരുക്കള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിന് പിന്നാലെ ഗവാസ്‌കര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് സ്‌നിഗ്ധയും പൊലീസില്‍ പരാതി നല്‍കി.

ഈ പരാതിയിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തനിക്കെതിരായ പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവാസ്‌കര്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹര്‍ജിയില്‍ ഗവാസ്‌കറുടെ അറസ്റ്റ് ഹൈക്കോടതി ഈ മാസം 31 വരെ തടഞ്ഞിട്ടുണ്ട്.