അധ്യാപികയുടെ അറുത്തുമാറ്റിയ തലയുമായി യുവാവ് ഓടിയത് അഞ്ചുകിലോമീറ്റര്‍

single-img
4 July 2018

അധ്യാപികയുടെ തല അറുത്തെടുത്ത മാനസിക വൈകല്യമുള്ള യുവാവ് പൊലീസ് പിടിയില്‍. ജാര്‍ഖണ്ഡിലെ സെരയ്‌കെല ഖരസ്വാന്‍ ജില്ലയിലെ ഖപ്രസായി പ്രൈമറി സ്‌കൂളില്‍ അധ്യാപികയായ യുവതിയുടെ തലയാണ് യുവാവ് അറുത്തെടുത്തത്. തുടര്‍ന്ന് അറുത്തെടുത്ത തലയുമായി 5 കിലോമീറ്ററോളം കാട്ടിലൂടെ ഓടിയ ഇയാളെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

മാനസിക വൈകല്യമുള്ള ഹരി ഹെംബ്രാം സ്‌കൂളിന് സമീപത്ത് ഒറ്റയ്ക്കാണ് താമസം. ഉച്ചഭക്ഷണ വിതരണം ചെയ്യുന്ന സമയത്ത് ഇയാള്‍ സ്‌കൂളിലെത്തുകയും സുക്ര ഹെസ (30) എന്ന അധ്യാപികയെ വലിച്ചിഴച്ച് തന്റെ താമസ സ്ഥലത്തേക്ക് കൊണ്ടു പോവുകയായിരുന്നു.

അവിടെ വെച്ച് വാളുപയോഗിച്ച് അധ്യാപികയുടെ തലയറുക്കുകയുമായിരുന്നെന്ന് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ രണ്‍ വിജയ് സിംഗ് പറഞ്ഞു. അറുത്തുമാറ്റിയ തലയുമായി നില്‍ക്കുന്ന ഇയാളെ നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വാള്‍ വീശിയതിനാല്‍ അടുക്കാന്‍ സാധിച്ചില്ല.

തുടര്‍ന്ന് ആളുകള്‍ കല്ലെറിയാന്‍ തുടങ്ങിയതോടെ ഹരി കാട്ടിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് പിടിയിലായ ഇയാളെ നാട്ടുകാര്‍ ആക്രമിക്കാന്‍ ശ്രമിച്ചത് തടയുന്നതിനിടെ പൊലീസുകാര്‍ക്ക് പരിക്കേറ്റു.