വൈദികര്‍ ബലാത്സംഗം ചെയ്തുവെന്ന മൊഴിയില്‍ ഉറച്ച് യുവതി; അറസ്റ്റ് ഭയന്ന് ഓര്‍ത്തഡോക്‌സ് വൈദികര്‍ ഒളിവില്‍

single-img
4 July 2018

യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റ് നടക്കാനിരിക്കെ ഓര്‍ത്തഡോക്‌സ് വൈദികര്‍ ഒളിവില്‍. നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി ഫാ. എബ്രഹാം വര്‍ഗീസ്, ഫാ.ജോബ് മാത്യു, ഫാ. ജെയ്‌സ് കെ.ജോര്‍ജ്, ഫാ. ജോണ്‍സണ്‍ വി.മാത്യു എന്നിവരാണ് ഒളിവില്‍ പോയത്.

ഇവരില്‍ ഫാ. എബ്രഹാം വര്‍ഗീസും ഫാ.ജോബ് മാത്യുവും മുന്‍കൂര്‍ ജാമ്യം തേടി കഴിഞ്ഞദിവസം ഹൈകോടതിയെ സമീപിച്ചിരുന്നു. അതേസമയം, മജിസ്‌ട്രേറ്റിന് കൊടുത്ത രഹസ്യ മൊഴിയിലും യുവതി വൈദികര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ആവര്‍ത്തിച്ചു.

ഇന്നലെ തിരുവല്ല ഒന്നാംക്‌ളാസ് മജിസ്‌ട്രേട്ട് മുന്‍പാകെ രണ്ടു മണിക്കൂറിലേറെ നീണ്ട രഹസ്യമൊഴി നല്‍കിയപ്പോഴാണ് മുന്‍നിലപാടില്‍ അവര്‍ ഉറച്ച് നിന്നത്. പൊലീസിന് നല്‍കിയ അതേ മൊഴി തന്നെ യുവതി മജിസ്‌ട്രേട്ടിന് മുന്നിലും ആവര്‍ത്തിക്കുകയായിരുന്നു.

വൈദികര്‍ക്കെതിരെ പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷമേ അറസ്റ്റുണ്ടാകൂവെന്നായിരുന്നു ക്രൈംബ്രാഞ്ച് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, രഹസ്യമൊഴിയിലും പീഡനാരോപണം യുവതി ആവര്‍ത്തിച്ചതോടെ അറസ്റ്റ് വേഗത്തിലാക്കാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു.

ഇന്നലെ യുവതിയുടെ പിതാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. യുവതിയെ ചോദ്യം ചെയ്യാനായി റെയില്‍വേ പൊലീസ് എസ്.പി മെറിന്‍ ജോസഫിനെയും ക്രൈംബ്രാഞ്ച് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുവതിയും വൈദികരും താമസിച്ച ഹോട്ടലില്‍ ഉടന്‍ പൊലീസ് പരിശോധന നടത്തും.

ഓര്‍ത്തഡോക്‌സ് സഭാംഗമായ യുവതിയുടെ ഭര്‍ത്താവാണ് കുംബസാര രഹസ്യം മറയാക്കി ഭാര്യയെ വൈദികര്‍ പീഡിപ്പിച്ചെന്ന് സഭയ്ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസിനും പരാതി നല്‍കി. കേസില്‍ ഭര്‍ത്താവിന്റെ പരാതി സ്ഥിരീകരിച്ച് യുവതിയും മൊഴി നല്‍കിയതോടെയാണ് വൈദികര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.

തുടര്‍ന്ന് മജിസ്‌ട്രേറ്റും മൊഴി രേഖപ്പെടുത്തുകയായിരുന്നു. കേസില്‍ വൈദികരെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കത്തിനിടെയായിരുന്നു വൈദികര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞില്ലെങ്കിലും ജാമ്യാപേക്ഷയില്‍ തീര്‍പ്പാകുന്നത് വരെ അറസ്റ്റ് ചെയ്യേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം. തിങ്കളാഴ്ചയാണ് ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കുന്നത്.