കര്‍ഷകരെ കൂടെനിര്‍ത്താന്‍ ഒരുമുഴം മുമ്പേ എറിഞ്ഞ് മോദി സര്‍ക്കാര്‍; നെല്ലിന്റെ താങ്ങുവില ഉയര്‍ത്തി

single-img
4 July 2018

 

ന്യൂഡല്‍ഹി: നെല്ലിന്റെ താങ്ങുവിലയില്‍ ക്വിന്റലിന് 200 രൂപയുടെ വര്‍ദ്ധന വരുത്താന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിലൂടെ കേന്ദ്ര സര്‍ക്കാരിന് പ്രതിവര്‍ഷം 15,000 കോടിയുടെ അധികബാദ്ധ്യതയുണ്ടാകും. ഇതോടെ വില 1750 രൂപയാകും. എ ഗ്രേഡ് നെല്ലിന്റെ താങ്ങുവില 160 രൂപ ഉയര്‍ത്തി 1750 രൂപയാക്കിയിട്ടുണ്ട്.

ആദ്യമായിട്ടാണ് ഒരു കിലോ നെല്ലിന് രണ്ടുരൂപ എന്ന നിരക്കില്‍ വില കൂട്ടുന്നത്. 2008 09ല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇതുപോലെ താങ്ങുവില വര്‍ദ്ധിപ്പിച്ചിരുന്നു. അന്ന് ക്വിന്റലിന് 50 രൂപ ബോണസ് ഉള്‍പ്പെടെ 155 രൂപയാണ് കൂട്ടിയത്.

രാജ്യമെങ്ങും കര്‍ഷക പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിലാണ് ആശ്വാസ നടപടി. നെല്ലിന് പുറമെ പരുത്തി, പയറുവര്‍ഗങ്ങള്‍, ഉഴുന്ന് തുടങ്ങി 14 ഖാരിഫ് വിളകളുടെ താങ്ങുവില ഉയര്‍ത്തി. കഴിഞ്ഞയാഴ്ച കരിമ്പു കര്‍ഷകരുമായി നടത്തിയ ചര്‍ച്ചയിലും താങ്ങുവില ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്‍കിയിരുന്നു.

കഴിഞ്ഞ ബജറ്റിലും വിലവര്‍ധന പരാമര്‍ശിച്ചു. രാജ്യം തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന സാഹചര്യത്തിലാണു മോദി സര്‍ക്കാരിന്റെ പ്രഖ്യാപനമുണ്ടായതെന്നതു ശ്രദ്ധേയമാണ്.