മഞ്ജു വാര്യറുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത

single-img
4 July 2018

വുമണ്‍ ഇന്‍ സിനിമ കലക്ടീവില്‍ (ഡബ്യുസിസി) നിന്ന് നടി മഞ്ജു വാര്യര്‍ രാജിവച്ചതായി വ്യാജപ്രചാരണം. അമ്മ പ്രസിഡന്റായ നടന്‍ മോഹന്‍ലാലിനെ ഇക്കാര്യം അറിയിച്ചതായിട്ടായിരുന്നു പ്രചാരണം. എന്നാല്‍ ഇത്തരമൊരു കത്ത് ഇന്നലെ രാത്രിവരെ ഡബ്ല്യുസിസിക്കു കിട്ടിയിട്ടില്ല.

കത്ത് ഒരാഴ്ച മുന്‍പു നല്‍കിയെന്നാണു പ്രചാരണം. ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസിയിലെ നാലു നടിമാര്‍ രാജിവച്ചിരുന്നു. യുവനടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം ആദ്യം മുന്നോട്ടുവച്ചത് മഞ്ജുവായിരുന്നു.

നടിക്കു പിന്തുണ നല്‍കുന്നതിലും സംഘടന രൂപീകരികത്കുന്നതിലും അവര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. അതിനാല്‍ തന്നെ മഞ്ജുവിന്റെ നിലപാടെന്താകുമെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു എല്ലാവരും. ഇത്തരമൊരു സാഹചര്യത്തിലാണ് മഞ്ജു വാര്യറിന്റെ രാജി വാര്‍ത്ത സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചത്. നിലവില്‍ സ്റ്റേജ് പരിപാടിയുമായി ബന്ധപ്പെട്ട് വിദേശത്താണ് മഞ്ജു വാര്യര്‍.

മഞ്ജുവിന്റെ രാജിയെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് കഴിഞ്ഞ ദിവസം ദീദി ദാമോദരന്‍ പ്രതികരിച്ചിരുന്നു. മഞ്ജു വാര്യര്‍ രാജി വച്ചതിനെക്കുറിച്ച് അറിയില്ല. മഞ്ജുവാണ് അത് പറയേണ്ടത്. എന്റെ അറിവില്‍ അവര്‍ രാജി വച്ചതായി അറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.