രാഹുലിന് സെഞ്ചുറി; ഇംഗ്ലണ്ടിനെതിരായ ട്വന്റി20 മൽസരത്തിൽ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം

single-img
4 July 2018

ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20 മൽസരത്തിൽ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം. ഇംഗ്ലണ്ട് ഉയർത്തിയ 160 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ പത്ത് പന്തുകൾ ബാക്കിനിൽക്കെ മറികടക്കുകയായിരുന്നു. കെ. എൽ. രാഹുലിന്റെ സെഞ്ചുറിക്കരുത്തിലാണ് ഇന്ത്യൻ ജയം.

54 പന്തുകൾ നേരിട്ട രാഹുൽ 101 റൺസുമായി പുറത്താകാതെ നിന്നു. രാഹുലിന്റെ രണ്ടാം ട്വന്റി20 സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെതിരെ സ്വന്തമാക്കിയത്. ഓപ്പണർ രോഹിത് ശർമ (30 പന്തിൽ 32), ശിഖർ ധവാൻ (നാല് പന്തിൽ അഞ്ച്) എന്നിങ്ങനെയാണ് പുറത്തായ ഇന്ത്യൻ താരങ്ങളുടെ സ്കോര്‍.

20 റൺസുമായി ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി ആദിൽ റാഷിദ്, ഡേവിഡ് വില്ലി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. എന്നാൽ ക്യാപ്ടൻ വിരാട് കൊഹ്ലിയുടെ തീരുമാനം തെറ്റിയെന്ന് തോന്നുന്ന രീതിയിൽ മികച്ച തുടക്കമാണ് ഓപ്പണർമാരായ ജയ്സൺ റോയും ബട്ട്ലറും ചേർന്ന് ഇംഗ്ലണ്ടിന് നൽകിയത്.

ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 50 റൺസ് അടിച്ചെടുത്തു. എന്നാൽ പിന്നീടെത്തിയ ബാറ്റ്സ്മാൻമാരെല്ലാം ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് മുന്നിൽ തകരുന്ന കാഴ്ചയാണ് കണ്ടത്. 13 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 106 റൺസ് എന്ന നിലയിൽ ശക്തമായിരുന്ന ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ കുൽദീപ് യാദവിന്റെ മാസ്മരിക ബൗളിംഗ് മികവാണ് എട്ട് വിക്കറ്റിന് 160 റൺസെന്ന നിലയിലേക്ക് തകർത്തത്. കുൽദീപ് യാദവ് അഞ്ചും ഉമേഷ് യാദവ് മൂന്നും ഹർദിക് പാണ്ഡ്യ ഒരു വിക്കറ്റും നേടി.