ഗുജറാത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ച് ബി.ജെ.പി മന്ത്രിയായി

single-img
4 July 2018

ഗുജറാത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ കുന്‍വര്‍ജി ബവാലി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ ബിജെപിയില്‍ ചേര്‍ന്നു. വിജയ് രുപാനി മന്ത്രിസഭയില്‍ ക്യാബിനറ്റ് മന്ത്രിയാക്കിയാണ് ബിജെപി ബവാലിയെ സ്വീകരിച്ചത്. ഗുജറാത്ത് കോലി സമുദായ നേതാവ് കൂടിയായ ബവാലി കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി അംഗത്വവും എംഎല്‍എ സ്ഥാനവും രാജിവെയ്ക്കുന്നതായി അറിയിച്ചത്.

ഇതിന് പിന്നാലെ ബവാലി ഉടന്‍ തന്നെ വിജയ് രുപാനി മന്ത്രിസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജിതു വഗാനി വ്യക്തമാക്കിയിരുന്നു. 2019 ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് ബവാലിയുടെ നീക്കം.

പാര്‍ട്ടിയില്‍ ഉന്നത സ്ഥാനങ്ങള്‍ ലഭിക്കുന്നില്ലെന്ന കാരണത്താല്‍ ഏറെ നാളായി കോണ്‍ഗ്രസുമായി അകല്‍ച്ചയിലായിരുന്നു ബവാലി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജാതിരാഷ്ട്രീയം കളിക്കുകയാണെന്നും ബവാലി ആരോപിച്ചിരുന്നു. രാജ്‌കോട്ടിലെ ജസ്ദന്‍ മണ്ഡലത്തില്‍ നിന്ന് അഞ്ചുവട്ടം നിയമസഭയിലെത്തിയ അദ്ദേഹം 2009 ല്‍ ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ബവാലിയയുടെ നടപടി നിര്‍ഭാഗ്യകരമെന്ന് ഗുജറാത്ത് പിസിസി അധ്യക്ഷന്‍ അമിത് ചാവ്ദ പറഞ്ഞു. ബവാലിയ കോണ്‍ഗ്രസ് ടിക്കറ്റില്‍ അഞ്ചു തവണ എംഎല്‍എയും ഒരു തവണ എംപിയും ആയിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹോദരിയും മകളും പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചിട്ടുണ്ട്. സൗരാഷ്ട്രയിലെ ജനങ്ങളോട് ബവാലിയ മറുപടി പറയണമെന്നും ചാവ്ദ ആവശ്യപ്പെട്ടു.