‘ആക്രമണത്തിനിരയായ നടിക്കും മഞ്ജു വാര്യര്‍ക്കുമെതിരെ ദിലീപ് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു’; കേസില്‍ സി.ബിഐ അന്വേഷണം ആവശ്യമില്ലന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

single-img
4 July 2018

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കുറ്റപത്രം നല്‍കി നടപടികള്‍ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ദിലീപ് വിചാരണ അനന്തമായി നീട്ടിക്കൊണ്ടു പോവാനുള്ള തന്ത്രമാണ് പയറ്റുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ഏത് ഏജന്‍സി കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെടാന്‍ പ്രതിക്ക് അവകാശമില്ല. രേഖകള്‍ കിട്ടിയിട്ടില്ലെന്നു പറഞ്ഞു ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതും വിചാരണ വൈകിപ്പിക്കാനുള്ള തന്ത്രമാണ്. ഇതിനോടകം പല ആവശ്യങ്ങളുമായി 11 ഹര്‍ജികള്‍ ദിലീപ് വിവിധ കോടതികളില്‍ സമര്‍പ്പിച്ചു.

ആക്രമണത്തിനിരയായ നടിയെ ബുദ്ധിമുട്ടിക്കാന്‍ ദിലീപ് ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ആക്രമണത്തിനിരയായ നടിക്കും മുന്‍ ഭാര്യ മഞ്ജു വാര്യര്‍ക്കുമെതിരെ ദിലീപ് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. ഹര്‍ജി പരിഗണിക്കുന്നത് ഈമാസം 23ലേക്കു മാറ്റി.

തന്നെ കേസില്‍ മന:പൂര്‍വം പെടുത്തിയതാണെന്നും ഓടുന്ന വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ട കേസ് സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ വിചാരണ എറണാകുളം സെഷന്‍സ് കോടതിയില്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, പ്രതികള്‍ അനാവശ്യ ഹര്‍ജികളുമായി വരുന്നത് വിചാരണ താമസിപ്പിക്കുന്നെന്ന് സെഷന്‍സ് കോടതിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.