അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രൊഫഷനല്‍ സംഘമെന്ന് ഡിജിപി; നൂറോളം എസ്ഡിപിഐ, ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍

single-img
4 July 2018

അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രൊഫഷനല്‍ കൊലയാളി സംഘമാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. തീവ്രവാദ സ്വഭാവമുള്ള സംഘടനയ്ക്ക് പങ്കുണ്ടോയെന്ന് ഇപ്പോള്‍ പറയുന്നില്ല. വിദ്യാര്‍ഥികള്‍ക്ക് പുറമെനിന്നുള്ളവരുടെ സഹായം ലഭിച്ചു.

ക്യാംപസുകളിലെ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടിയെടുക്കുമെന്നും ഡിജിപി പറഞ്ഞു. അതേസമയം അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നൂറോളം എസ്ഡിപിഐ, ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി. കേസില്‍ പങ്കുള്ള മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് കേസുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണത്തിനായി വിവിധയിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ എണ്‍പതിലേറെ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തത്. എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്.

കരുതല്‍ തടങ്കലാണെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അഭിമന്യു കേസിലെ പ്രതികളെ ഒളിപ്പിച്ചെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് ഇവിടെ റെയ്ഡ് നടത്തിയത്. കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പാല വൈക്കം എന്നിവടങ്ങളില്‍ നിന്നായി 70പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രതികള്‍ക്കായി എസ്ഡിപിഐ, ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളിലും ഓഫീസുകളിലും വ്യാപക റെയ്ഡ് തുടരുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയില്‍ പൊലീസ് വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നു. കോട്ടയത്ത് മാത്രം 87 ഓളം പ്രവര്‍ത്തകരുടെ വീടുകളില്‍ തിരച്ചില്‍ നടത്തി.

സംശയമുള്ള പ്രവര്‍ത്തകരെ ചോദ്യം ചെയ്തു. വരും ദിവസങ്ങളിലും ഇതുമായി ബന്ധപ്പെട്ട റെയ്ഡുകള്‍ നടത്തുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം അഭിമന്യു തല്‍ക്ഷണം കൊല്ലപ്പെടാന്‍ ഇടയാക്കിയ ആഴത്തിലുള്ള മുറിവു പ്രൊഫഷനല്‍ കൊലയാളിയുടെ ചെയ്തിയെന്നു ഫൊറന്‍സിക് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായുണ്ടായ സംഘര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായ ആസൂത്രിത ആക്രമണമാണ് അഭിമന്യുവും സുഹൃത്ത് അര്‍ജുനും നേരെയുണ്ടായതെന്നു സൂചിപ്പിക്കുന്നതാണ് ഇരുവരുടെയും പരുക്കുകള്‍. അഭിമന്യു മരിക്കാന്‍ ഇടയാക്കിയ കുത്ത് അങ്ങേയറ്റം മാരകമാണ്.

കൊലപാതകത്തിനുവേണ്ടി മാത്രം രൂപപ്പെടുത്തിയ തരം കത്തിയാണു കൊലയാളി സംഘം ഉപയോഗിച്ചത്. ആന്തരികാവയവങ്ങള്‍ക്കു മാരക മുറിവേല്‍പിച്ചു വലിയ തോതില്‍ രക്തസ്രാവത്തിന് ഇതു വഴിയൊരുക്കും. ഹൃദയത്തിനു നേരിട്ടു മുറിവേല്‍ക്കുന്ന സ്ഥാനത്താണു കൊലയാളി കുത്തിയത്. ഇരയെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനല്ല, മരണം ഉറപ്പാക്കാനാണ് ഇത്തരം ആക്രമണം. കൊലയാളിയുടെ ആദ്യ ആക്രമണമല്ല ഇതെന്നാണു കുത്തിന്റെ സ്ഥാനവും കൃത്യതയും സൂചിപ്പിക്കുന്നതെന്നും പൊലീസ് പറഞ്ഞു.