കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി; ആംആദ്മി പാര്‍ട്ടി നിലപാടിന് സുപ്രീം കോടതിയില്‍ ജയം: ‘ഡല്‍ഹിയുടെ യഥാര്‍ഥ അധികാരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്; മന്ത്രിസഭയുടെ തീരുമാനപ്രകാരം ലഫ്. ഗവര്‍ണര്‍ പ്രവര്‍ത്തിക്കണം’

single-img
4 July 2018

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ പരമാധികാരി ആരെന്ന ഹര്‍ജികളില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി. മന്ത്രിസഭയുടെ തീരുമാനപ്രകാരം പ്രവര്‍ത്തിക്കാന്‍ ലെഫ്. ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനങ്ങള്‍ ലെഫ്. ഗവര്‍ണറെ അറിയിക്കണമെന്നും എന്നാല്‍ തീരുമാനങ്ങള്‍ക്ക് ഗവര്‍ണറുടെ അനുമതി വേണമെന്ന് ഇതിനര്‍ത്ഥമില്ലെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ എ.കെ. സിക്രി, എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

തെരഞ്ഞെടുത്ത സര്‍ക്കാറാണ് ജനങ്ങളോട് ഉത്തരം പറയേണ്ടവരെന്ന് ഗവര്‍ണര്‍ ഓര്‍ക്കണം. എല്ലാ തീരുമാനങ്ങളും പ്രസിഡന്റിലേക്ക് പോകുകയാണെങ്കില്‍ ഭരണം നിശ്ചലമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തുള്ള എഎപി സര്‍ക്കാരിന് ആശ്വാസം നല്‍കുന്നതാണ് വിധി.

ലഫ്റ്റനന്റ് ഗവര്‍ണറാണ് ഭരണത്തലവന്‍ എന്ന ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കെജ്‌രിവാള്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് സുപ്രിം കോടതിയുടെ വിധി. ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷനായ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും മറ്റ് രണ്ട് ജഡ്ജിമാരും സംയുക്തമായും ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍ എന്നിവര്‍ വെവ്വേറെയുമാണ് വിധി പുറപ്പെടുവിച്ചത്.

രണ്ടാമത്തെ വിധി പ്രസ്താവത്തില്‍ ജസ്റ്റിസ് ചന്ദ്രചൂഢാണ് വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസിന്റെ വിധിയോട് എതിര്‍പ്പ് രേഖപ്പെടുത്താതെ ലഫ്. ഗവര്‍ണറുടെ അനുവാദം എല്ലാ കാര്യത്തിലും വേണ്ടെന്നാണ് ചന്ദ്രചൂഢ് വിധി പറഞ്ഞത്. ദേശീയ താല്‍പര്യത്തിന് വിരുദ്ധമായി ദില്ലി സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ കേന്ദ്രത്തിന് ഇടപെടാമെന്നും ചന്ദ്രചൂഢിന്റെ വിധിയില്‍ പറയുന്നു.

ചീഫ് ജസ്റ്റിസ് പറയുന്നത്:

ഭരണഘടനാപരമായ ഫെഡറലിസം കൊണ്ടുവരുന്നതിന് സര്‍ക്കാരും ലഫ്. ഗവര്‍ണറും യോജിച്ചു പ്രവര്‍ത്തിക്കണം.

പൂര്‍ണ സംസ്ഥാന പദവി ഡല്‍ഹിക്ക് നല്‍കാനാകില്ല.

ഭരണഘടന അനുവദിക്കുന്ന കാര്യങ്ങളിലല്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഡല്‍ഹി സര്‍ക്കാരിന് അധികാരമില്ല.
മന്ത്രിസഭയുടെ ഉപദേശപ്രകാരം വേണം ലഫ്. ഗവര്‍ണര്‍ പ്രവര്‍ത്തിക്കാന്‍. അവരുടെ തീരുമാനങ്ങളെ ബഹുമാനിക്കണം.

എല്ലാ കാര്യത്തിലും ലഫ്. ഗവര്‍ണറുടെ അനുമതി ആവശ്യമില്ല. ഒരാളും മറ്റൊരാളുടെയും മുകളിലല്ല. പരസ്പര ബഹുമാനം
പുലര്‍ത്തണം.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജലും തമ്മിലുള്ള അധികാരത്തര്‍ക്കം മറ്റൊരു
ബെഞ്ചിനു വിട്ടു.

ലഫ്റ്റനന്റ് ഗവര്‍ണറെക്കാള്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനാണ് കൂടുതല്‍ അധികാരം. പൊതു ഉത്തരവുകള്‍, പൊലീസ്, ഭൂമി എന്നിവയില്‍ മാത്രമായി സുപ്രീം കോടതി എല്‍ജിയുടെ അധികാരം പരിമിതപ്പെടുത്തി.

15 ദിവസത്തെ വാദപ്രതിവാദങ്ങളാണു കോടതിയില്‍ നടന്നത്. മുതിര്‍ന്ന അഭിഭാഷകരുടെ നിര തന്നെ ഡല്‍ഹി സര്‍ക്കാരിനുവേണ്ടി ഹാജരായി. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ചിദംബരം, ഗോപാല്‍ സുബ്രഹ്മണ്യം, രാജീവ് ധവാന്‍, ഇന്ദിര ജയ്‌സിങ് എന്നിവര്‍ എഎപി സര്‍ക്കാരിനു വേണ്ടി ഹാജരായപ്പോള്‍ കേന്ദ്രത്തിനു വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ് കോടതിയില്‍ വാദമുഖങ്ങള്‍ നിരത്തി.

രാജ്യതലസ്ഥാനവും സമ്പൂര്‍ണ സംസ്ഥാന പദവിയില്ലാത്തതുമായ ഡല്‍ഹിയുടെ ഭരണത്തലവന്‍ ലഫ്. ഗവര്‍ണറാണെന്നു ഡല്‍ഹി ഹൈക്കോടതി 2016 ഓഗസ്റ്റിലാണു വിധിച്ചത്. സംസ്ഥാന മന്ത്രിസഭയുടെ ഉപദേശങ്ങള്‍ക്കനുസരിച്ചു ലഫ്. ഗവര്‍ണര്‍ പ്രവര്‍ത്തിക്കണമെന്ന ആവശ്യം തള്ളുകയും ചെയ്തു.

ഇക്കാര്യത്തില്‍ ഇന്നത്തെ വിധി വ്യക്തത വരുത്തുന്നുണ്ട്. അടുത്തിടെ ലഫ്. ഗവര്‍ണറുടെ ഓഫിസില്‍ അരവിന്ദ് കേജ്‌രിവാള്‍ നടത്തിയ സമരത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രീം കോടതി വിധി ഏറെ രാഷ്ട്രീയ ചലനങ്ങളുണ്ടാക്കുമെന്നു ഉറപ്പാണ്.