സ്വര്‍ണ മോഷണം ആരോപിച്ച് പൊലീസിന്റെ ക്രൂരമര്‍ദനം; യുവ ദമ്പതികള്‍ ജീവനൊടുക്കി; ചങ്ങനാശേരി താലൂക്കിൽ നാളെ ഹർത്താൽ

single-img
4 July 2018

സ്വർണം മോഷ്‌ടിച്ചുവെന്ന പരാതിയിൽ പൊലീസ് കസ്‌റ്റ‌ഡിയിലെടുത്ത് ചോദ്യം ചെയ്‌ത് വിട്ടയച്ച ദമ്പതികൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ. സ്വർണപ്പണിക്കാരായ ചങ്ങനാശേരി പുഴവാത് സുനിൽകുമാർ, രേഷ്‌മ എന്നിവരാണ് മരിച്ചത്. ഇവർ വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തെന്നാണ് കരുതുന്നത്.

സ്വർണപ്പണിക്കാരനായ സുനിൽ സിപിഎം കൗൺസിലർ സജി കുമാറിന്റെ ആഭരണ നിർമാണ ശാലയിലാണു ജോലി ചെയ്യുന്നത്. ഇവിടെനിന്നു സ്വർണം മോഷണം പോയി എന്ന പരാതിയിൽ തിങ്കളാഴ്ച സുനിലിനെ പൊലീസ് വിളിപ്പിച്ചു. രേഷ്മയ്ക്കൊപ്പമാണ് സുനിൽ സ്റ്റേഷനിൽ എത്തിയത്. ഇവിടെവച്ചു പൊലീസ് മർദിച്ചു കൊല്ലാറാക്കിയെന്ന് ബന്ധു അനിലിനോട് സുനിൽ പറഞ്ഞിരുന്നു.

തിങ്കളാഴ്ച 12 മണിക്കൂർ ചോദ്യം ചെയ്തതായാണു പറയുന്നത്. രാത്രി ഒൻപതോടെയാണു വിട്ടയച്ചത്. ബുധനാഴ്ച വൈകിട്ടു നാലു മണിക്കകം സ്വർണം തിരികെ എത്തിക്കണമെന്നും പൊലീസ് അന്ത്യശാസനം നൽകി. 75 പവൻ സ്വർണമുണ്ടായിരുന്നതായാണു പറയുന്നത്. സ്വർണം നൽകിയില്ലെങ്കിൽ എട്ടു ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു.

കാണാതായ ഓരോ ആഭരണത്തിന്റെയും എണ്ണം പറഞ്ഞായിരുന്നു മർദനമെന്നും ബന്ധു പറയുന്നു. സജി കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യൽ. സജിയും ഭീഷണിപ്പെടുത്തിയതായി ബന്ധു പറഞ്ഞു. പൊലീസ് സ്റ്റേഷൻ വിട്ടതോടെ മനോവിഷമത്തിലായിരുന്നു സുനിൽ. ആത്മഹത്യ ചെയ്യുന്നതിനു മുൻപായി സുനിൽകുമാർ അനിലിനെ കാണാൻ വന്നിരുന്നു. എന്തു ചെയ്യുമെന്നു ചോദിച്ചു. സജിയോടു ചോദിക്കട്ടേയെന്നു പറഞ്ഞു.

വീട്ടിൽ പോയി അൽപസമയം കഴിഞ്ഞപ്പോൾ സുനിൽ വിളിച്ചു. കത്ത് എഴുതിവച്ചിട്ടുണ്ടെന്നു മാത്രം പറഞ്ഞു. തുടർന്ന് സജിയെ വിളിച്ച് കാര്യം പറഞ്ഞെങ്കിലും ‘അവൻ ചത്താലും എനിക്കൊന്നുമില്ല. അവൻ പേടിപ്പിക്കാൻ ചെയ്യുന്നതാണ് ഇതെല്ലാം’ എന്നായിരുന്നു പ്രതികരണം. ഇതിനു പിന്നാലെയാണ് ആത്മഹത്യ ചെയ്ത നിലയിൽ വൈകിട്ട് മൂന്നു മണിയോടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

സംഭവത്തിൽ പ്രതിഷേധിച്ചു ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലേക്കു യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ മാർച്ച് നടത്തി. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ചങ്ങനാശേരി ആശുപത്രിയിലും പൊലീസ് സ്റ്റേഷൻ പരിസരത്തും സംഘർഷാവസ്ഥയാണ്. വ്യാഴാഴ്ച ചങ്ങനാശേരി താലൂക്കിൽ ഹർത്താലിന് യുഡിഎഫ് ആഹ്വാനം ചെയ്തു.

രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണു ഹർത്താൽ. സംഭവം വിവാദമായതിനു പിന്നാലെ ചങ്ങനാശേരി എസ്ഐ ഷമീർ ഖാനെ സ്ഥലം മാറ്റി. ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പിക്ക് അന്വേഷണച്ചുമതല നൽകി.