തുണിക്കടകള്‍ അടക്കമുള്ള വ്യാപാരസ്ഥാപനങ്ങളില്‍ ഇനി ജീവനക്കാര്‍ക്ക് ഇരുന്ന് ജോലി ചെയ്യാം; വാണിജ്യ സ്ഥാപനങ്ങളുടെ തൊഴില്‍ പീഡനം തടയാന്‍ നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ അംഗീകാരം

single-img
4 July 2018

 

തിരുവനന്തപുരം: തുണിക്കടകള്‍ അടക്കമുള്ള വ്യാപാരസ്ഥാപനങ്ങളില്‍ ഇനി ജീവനക്കാര്‍ക്ക് ഇരുന്ന് ജോലി ചെയ്യാം. ഇത് സംബന്ധിച്ച നിയമം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. ദിവസം മുഴുവന്‍ നിന്ന് ജോലി ചെയ്യേണ്ടിവരുന്ന സെയില്‍സ് ജീവനക്കാരുടെ ദുരവസ്ഥക്കാണ് ഇതോടെ അവസാനമാകുന്നത്.

അസംഘടിത മേഖലയില്‍ നിന്ന് കാലങ്ങളായി ഉയര്‍ന്നുവന്ന ആവശ്യം പരിഗണിച്ചു കൊണ്ടാണ് കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ഭേദഗതി ചെയ്യാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയത്. ആഴ്ചയില്‍ ഒരു പ്രത്യേക ദിവസം അവധി എന്നത് മാറ്റും.

പകരം ഏത് ദിവസം അവധി എടുക്കണമെന്ന് കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കാം. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ കര്‍ശന വ്യവസ്ഥകളും ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചട്ടങ്ങളില്‍ വീഴ്ച വരുത്തിയാല്‍ പിഴ നല്‍കണം.

തൊഴിലുടമ നല്‍കേണ്ട പിഴ അയ്യായിരം രൂപ ആയിരുന്നത് ഒരു ലക്ഷമാക്കി. എണ്ണായിരം രൂപ എന്നത് രണ്ട് ലക്ഷവുമാക്കി. അപ്രന്റീസുകളെ തൊഴിലാളികളായി പരിഗണിക്കണം. ആഴ്ചയില്‍ ഒരു ദിവസം അവധി ദിനം ഉറപ്പാക്കണം എന്നിവയാണ് മറ്റ് ഭേദഗതികള്‍. ഭേദഗതി ഗവര്‍ണറുടെ അംഗീകാരത്തിന് ഉടന്‍ സമര്‍പ്പിക്കും.