സി.സി.ടി.വി ദൃശ്യങ്ങള്‍ തുണയായി; ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് ദിവസം പ്രായമായ കുഞ്ഞിനെ കണ്ടെത്തി

single-img
4 July 2018

ഹൈദരാബാദ്: ഹൈദരാബാദില്‍ നിന്ന് തട്ടിക്കൊണ്ടു പോയ ആറ് ദിവസം പ്രായമായ കുഞ്ഞിനെ കണ്ടെത്തി. ആന്ധ്ര കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന ബിഡാറില്‍ വച്ചാണ് കുഞ്ഞിനെയും തട്ടിക്കൊണ്ട് പോയ സ്ത്രീയേയും പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്.

സി.സി.ടി.വി ദൃശ്യങ്ങളാണ് കുഞ്ഞിനെ കണ്ടെത്താന്‍ പൊലീസിനെ ഏറ്റവും കൂടുതല്‍ സഹായിച്ചത്. ഹൈദരാബാദിലെ സര്‍ക്കാര്‍ മെറ്റേര്‍ണിറ്റി ആശുപത്രിയില്‍ വച്ച് ഞായറാഴ്ചയായിരുന്നു ആറ് ദിവസം പ്രായമുള്ള കുഞ്ഞിനെ യുവതി തട്ടിക്കൊണ്ട് പോയത്.

കുഞ്ഞിന് വാക്‌സിനേഷന്‍ നല്‍കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് അമ്മയെ സ്ത്രീ സമീപിക്കുകയായിരുന്നു. ഇവര്‍ ആശുപത്രിയിലെ ജോലിക്കാരി ആയിരിക്കുമെന്ന് വിചാരിച്ചാണ് അമ്മ കുഞ്ഞിനെ കൈമാറിയത്. എന്നാല്‍ ഇതിനിടെ യുവതി കുഞ്ഞുമായി കടന്നുകളയുകയായിരുന്നു.

കൈക്കുഞ്ഞിനെയും എടുത്ത് പുറത്തേക്ക് പോകുന്ന സി.സി.ടി.വി ദൃശ്യങ്ങളും കര്‍ണാടകയിലെ ബിഡാറിലേക്ക് പോകുന്ന ബസില്‍ കയറുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് കുഞ്ഞിനെ ഇത്രയും പെട്ടെന്ന് കണ്ടെത്താന്‍ സഹായിച്ചത്.