കേരളം അടക്കം രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച വരെ അതിശക്തമായ മഴയ്ക്കു സാധ്യത

single-img
3 July 2018

അടുത്ത ഏതാനും ദിവസങ്ങളില്‍ കേരളം ഉള്‍പ്പെടെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജമ്മു കശ്മീര്‍, തമിഴ്‌നാട്, അസം, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിലാണ് വെള്ളിയാഴ്ച വരെ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളത്.

ഛത്തീസ്ഗഡ്, ഒഡിഷ, അസം, മേഘാലയ, ഗുജറാത്ത്, മഹാരാഷ്ട്ര, സീമാന്ധ്ര, കര്‍ണാടക, കേരള എന്നിവിടങ്ങളില്‍ വ്യാഴാഴ്ച അതിശക്തമായ മഴ പെയ്‌തേക്കും. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി 17 ദിവസം മുന്‍പേ രാജ്യത്ത് മണ്‍സൂണ്‍ എത്തിയെന്ന് കഴിഞ്ഞയാഴ്ച കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചതിനു പിന്നാലെയാണ് പുതിയ മുന്നറിയിപ്പ്.

നാലു മാസം നീണ്ടുനില്‍ക്കുന്ന മണ്‍സൂണ്‍, ജൂണ്‍ ഒന്നിനെത്തി സെപ്തംബര്‍ മുപ്പതോടെ അവസാനിക്കാറാണ് പതിവ്. എന്നാല്‍ ഈ വര്‍ഷം കേരളത്തില്‍ മെയ് 29നു തന്നെ മണ്‍സൂണെത്തി. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശിന്റെ കിഴക്കുഭാഗങ്ങള്‍ എന്നിവിടങ്ങളിലും കനത്ത മഴയ്ക്കു സാധ്യതയുണ്ട്.

കൂടാതെ ഹിമാലയത്തിന്റെ വിവിധ ഭാഗങ്ങള്‍, പശ്ചിമ ബംഗാള്‍, സിക്കിം, ബിഹാര്‍, അസം, മേഘാലയ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതായും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നു.