നിപ്പ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച അവ്യക്തത നീങ്ങുന്നു; രോഗവാഹകര്‍ പഴംതീനി വവ്വാലുകള്‍ തന്നെയെന്ന് സ്ഥിരീകരിച്ചു

single-img
3 July 2018

ന്യൂഡല്‍ഹി: മലപ്പുറത്തും കോഴിക്കോടും പടര്‍ന്നു പിടിച്ച നിപ്പ വൈറസ് ബാധയ്ക്കു പിന്നില്‍ പഴംതീനി വവ്വാലുകള്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് റിസര്‍ച്ച് (ഐ.സി.എം.ആര്‍) നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

പഴംതീനി വവ്വാലുകളാണ് രോഗവാഹകരെന്നതിന് നിഷേധിക്കാനാകാത്ത തെളിവുകള്‍ ഉണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നദ്ദ പറഞ്ഞു. ആദ്യഘട്ട പരിശോധനയ്ക്കായി പേരാമ്പ്ര ചങ്ങരോത്ത് നിന്നും പിടികൂടിയ 21 വവ്വാലുകള്‍ പഴംതീനി വവ്വാലുകള്‍ ആയിരുന്നില്ല, പ്രാണികളെയും ചെറുജീവികളെയും തിന്നുന്നവയായിരുന്നു.

അതിനാലാണ് പരിശോധന ഫലം നെഗറ്റീവ് ആയത്. വൈറസ് ഉറവിടം സംബന്ധിച്ച അവ്യക്തത ശക്തമായതും ഇതിനാലാണ്. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ മേഖലയില്‍ നിന്നും പിടികൂടിയ 51 വവ്വാലുകളില്‍ ചിലതില്‍ നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിലെ ശസ്ത്രജ്ഞനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്‌ചെയ്തു. അതേസമയം പരിശോധന ഫലം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജയശ്രീ പ്രതികരിച്ചു.

രണ്ട് മാസത്തോളം നീണ്ടുനിന്ന രോഗബാധയെ തുടര്‍ന്ന് 17 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രോഗത്തെ നിയന്ത്രണ വിധേയമാക്കുകയും രണ്ട് ജില്ലകളേയും നിപ്പ മുക്തമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഐ.സി.എം.ആറിന്റെ റിപ്പോര്‍ട്ട്.