കനത്ത മഴയെ തുടര്‍ന്ന് അന്ധേരിയിലെ റെയില്‍വെ മേല്‍പ്പാലം തകര്‍ന്നു വീണു; ട്രെയിന്‍ ഗതാഗതം മുടങ്ങി; ജനം പെരുവഴിയില്‍

single-img
3 July 2018

കനത്ത മഴയെത്തുടര്‍ന്ന് മുംബൈ അന്ധേരിയില്‍ റെയില്‍വേ പാളത്തിലേക്ക് മേല്‍പ്പാലത്തിന്റെ നടപ്പാത തകര്‍ന്നുവീണു. പടിഞ്ഞാറന്‍ അന്ധേരിയേയും കിഴക്കന്‍ അന്ധേരിയേയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ നടപ്പാതയാണ് തകര്‍ന്നു വീണത്. അപകടത്തെത്തുടര്‍ന്ന് അന്ധേരി സബര്‍ബന്‍ ലോക്കല്‍ ട്രെയിന്‍ സര്‍വീസ് തടസപ്പെട്ടു.

പാലത്തിന്റെ ഒരു ഭാഗം രാവിലെ ഏഴരയോടെയാണു തകര്‍ന്നു വീണത്. രണ്ട് പേര്‍ക്ക് നിസാര പരിക്കേറ്റതൊഴിച്ചാല്‍ സാരമായ അപായമില്ല. ആയിരക്കണക്കിനു യാത്രക്കാര്‍ പതിവായി സഞ്ചരിക്കുന്ന പാലമാണിത്. അഗ്‌നിശമന സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി.

അവശിഷ്ടങ്ങളില്‍ കുടുങ്ങിയ രണ്ടു പുരുഷന്‍മാരെയും ഒരു സ്ത്രീയെയും രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. റെയില്‍ ഗതാഗതം ഉടന്‍ പുനഃസ്ഥാപിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി മുതല്‍ മുംബയില്‍ കനത്ത മഴയാണ് പെയ്യുന്നത്. മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. അടുത്ത 48 മണിക്കൂര്‍ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.