അഭിമന്യു വധം: കസ്റ്റഡിയിലുള്ള മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി; മറ്റ് പ്രതികള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും

single-img
3 July 2018

മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ള മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഫാറൂഖ്, ബിലാല്‍, റിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കേസില്‍ 5 പേരെയാണ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നത്.

കേസില്‍ ഇനിയും 10 പേരോളം പിടിയിലാകാനുണ്ടെന്ന സൂചനയാണ് അന്വേഷണ സംഘം നല്‍കുന്നത്. ദൃക്‌സാക്ഷിയായ വിദ്യാര്‍ഥിയുടെ മൊഴി അനുസരിച്ച് 15 പേരടങ്ങിയ സംഘമാണ് അഭിമന്യു ഉള്‍പ്പെട്ട മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരെ അക്രമിച്ചത്.

പ്രദേശത്തെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച ശേഷം പ്രതികളാരൊക്കെയാണെന്നത് അന്വേഷണ സംഘം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇവരില്‍ 5 പേരാണ് ഇപ്പോള്‍ എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. 3 പേരെ ഞായറാഴ്ച അര്‍ധരാത്രിയും 2 പേരെ ഇന്നലെ വൈകീട്ടുമാണ് അന്വേഷണ സംഘം പിടികൂടിയത്.

ഇവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. എല്ലാവരും പോപ്പുലര്‍ ഫ്രണ്ട്എസ്ഡിപിഐ ബന്ധമുള്ളവര്‍ തന്നെ. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ഒപ്പമുണ്ടായിരുന്നവരെ കുറിച്ചും സൂചന ലഭിച്ചു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ പ്രതികളെ എല്ലാവരേയും അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറയുന്നു.

അതേസമയം മറ്റ് പ്രതികള്‍ക്കു വേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുക്കും. സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന എട്ടുപേര്‍ക്കുവേണ്ടിയാണ് പോലീസ് തിരച്ചില്‍ നടത്തുന്നത്. ഇവരില്‍ രണ്ടുപേര്‍ സംസ്ഥാനം വിട്ടുവെന്ന സൂചനകളെത്തുടര്‍ന്നാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ഒരുങ്ങുന്നത്.

വിവിധ ജില്ലകളില്‍ ഉള്ളവരാണ് ഇനിയും കണ്ടെത്താനുള്ള പ്രതികളെന്നാണ് സൂചന. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലക്കാരാണ് ഇവരെന്ന സൂചനകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാപക തിരച്ചിലാണ് നടത്തുന്നത്. ഇന്നുതന്നെ ഇവരെ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.