നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു പഠിപ്പുമുടക്കും

single-img
3 July 2018

സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും. പരിയാരം മെഡിക്കല്‍ കോളേജ് ഫീസ് കുറയ്ക്കുക, ജെസ്‌നയുടെ തിരോധാനം സിബിഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്‌യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിലാണു സംഘര്‍ഷമുണ്ടായത്.

ലാത്തി ചാര്‍ജില്‍ സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്, ജനറല്‍ സെക്രട്ടറി നെബീല്‍ കല്ലമ്പലം എന്നിവരുള്‍പ്പടെ 12 പേര്‍ക്കു പരുക്കേറ്റിരുന്നു. കല്ലേറില്‍ ഒരു പൊലീസുകാരനും പരുക്കുണ്ട്. ഉമ്മന്‍ ചാണ്ടി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പോയതിനു പിന്നാലെയായിരുന്നു സംഘര്‍ഷം.

ബാരിക്കേഡ് മറികടന്ന് അകത്തേക്കു കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞു പോകാഞ്ഞതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. പോലീസ് നടപടിയെ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ അപലപിച്ചു.

വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ ജലപീരങ്കിയും ലാത്തിയും ഉപയോഗിച്ച് നിശബ്ദമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ അതിന് കനത്ത വില നല്‍കേണ്ടിവരും. കെഎസ്‌യു ചോരച്ചാലുകള്‍ നീന്തിക്കടന്നാണ് വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചിട്ടുള്ളത്.

കൊടിയ മര്‍ദ്ദനമുറകളിലൂടെ കെഎസ്‌യു പ്രവര്‍ത്തകരുടെ വീര്യം തല്ലിക്കെടുത്താമെന്ന് പിണറായി സര്‍ക്കാര്‍ കരുതുന്നുവെങ്കില്‍ അത് വിലപ്പോകില്ല. ജസ്‌നയുടെ തിരോധാനം സിബിഐ അന്വേഷിക്കുക, പരിയാരം മെഡിക്കല്‍ കോളേജിലെ ഫീസ് കുറയ്ക്കുക, നീറ്റ് പ്രവേശനം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന കോളേജുകള്‍ക്കെതിരേ നടപടി സ്വീകരിക്കുക, കേരള യൂണിവേഴ്‌സിറ്റി വിസി, പിവിസി നിയമനം ഉടന്‍ നടത്തുക തുടങ്ങിയവയാണ് കെഎസ്‌യു ഉന്നയിക്കുന്ന ആവശ്യങ്ങള്‍. ഇവ കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ പൊതുവികാരമാണെന്ന് സര്‍ക്കാര്‍ തിരിച്ചറിയണമെന്നും എംഎം ഹസന്‍ ആവശ്യപ്പെട്ടു.